തിരുവല്ല: പെരിങ്ങര, നിരണം, കടപ്ര പഞ്ചായത്തുകൾക്ക് പിന്നാലെ നെടുമ്പ്രത്തെ കർഷകരെയും വേനൽമഴ ചതിച്ചു. ശക്തമായ മഴയിൽ വിളവെടുക്കാറായ നെല്ല് വെള്ളത്തിലായി. നെടുമ്പ്രം പഞ്ചായത്ത് നാലാം വാർഡിലെ ഇടക്കേരി, ആമ്പത്താറ് പാടശേഖരങ്ങളിലെ മുപ്പതോളം ചെറുകിട കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്. രണ്ട് ആഴ്ചയായി ചാഞ്ഞുവീണു കിടക്കുന്ന നെല്ല് വെള്ളക്കെട്ടിൽ കിടന്ന് കിളിർത്തു. മെഷീൻ റെഡിയാക്കി കൊയ്ത്ത് നടത്താനിരിക്കെയാണ് മഴ തുടങ്ങിയത്. വെയിൽ തെളിഞ്ഞു മഴവെള്ളം വറ്റുമെന്ന് കരുതിയെങ്കിലും തുടർച്ചയായി പെയ്ത മഴ കർഷകരുടെ പ്രതീക്ഷകളെ തകിടംമറിച്ചു. ചാഞ്ഞുവീണ നെൽച്ചെടികളെല്ലാം ഇപ്പോഴും വെള്ളത്തിൽ കിടക്കുകയാണ്. വീണുകിടന്ന നെല്ല് ഈർപ്പം തട്ടിയതോടെയാണ് ഇപ്പോൾ പാടത്തിന്റെ പലഭാഗങ്ങളിലും കൂട്ടംകൂടി കിളിർത്തു നിൽക്കുന്നത്. ഇതുവരെ പാടത്ത് കൊയ്ത്ത് മെഷീൻ ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ടെങ്കിലും രാത്രിയും പകലും ഇടവിട്ട് മഴ തുടരുന്നതിനാൽ വെള്ളം ഒഴുകി മാറുന്നില്ല. വെള്ളം വറ്റാത്തതിനാൽ പാടത്തേക്ക് കൊയ്ത്ത് മെഷീനും ഇറക്കാൻ സാധിക്കില്ല.

തൊഴിലാളികളെ കിട്ടാനില്ല

ജ്യോതി വിത്താണ് ഇവിടെ കൃഷിയിറക്കിയത്. തൊഴിലാളികളെ കിട്ടാത്തതിനാൽ മെഷീനില്ലാതെ കൊയ്തെടുക്കാനും കഴിയില്ല. ഇതുകാരണം ഇത്തവണ കൊയ്ത്ത് നടത്താനാകുമോയെന്ന ആശങ്കയിലാണ് കർഷകർ. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ നെല്ലിന്റെ വിളവെടുപ്പ് സമയത്ത് ഉണ്ടായ വേനൽമഴയും കുഴൽരോഗവും കർഷകർക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കർഷകരുടെ പരാതിയെത്തുടർന്ന് കൃഷിവകുപ്പ് അധികൃതർ സ്ഥലത്തെത്തി നാശനഷ്‌ടം വിലയിരുത്തി.

@ നെല്ല് വിതച്ചിട്ട് ഇപ്പോൾ 140 ദിവസമായി. വിളവെടുക്കേണ്ട ഭൂരിഭാഗം നെല്ലും കൊഴിഞ്ഞു വീണു. കെ.കെ.ശാന്തപ്പൻ

(ആമ്പത്താറ് പാടത്തെ കർഷകൻ)

@ വായ്‌പയെടുത്ത് കൊവിഡിന്റെ ദുരിതങ്ങളെയും അതിജീവിച്ചാണ് ഇത്തവണ കൃഷിയിറക്കിയത്.

അജയകുമാർ

(ഇടക്കേരി പാടത്തെ കർഷകൻ)

-മുപ്പതോളം ചെറുകിട കർഷകർക്ക് കൃഷി നാശം

- നെല്ല് ഇപ്പോഴും വെള്ളത്തിൽ

-ഈർപ്പം തട്ടിയതോടെ കൂട്ടംകൂടി കിളിർത്തു

-കൊയ്യാനാകുമോ എന്ന ആശങ്കയിൽ കർഷകർ‌