പള്ളിക്കൽ : കെട്ടിടം പണിതീർന്നിട്ട് രണ്ടര വർഷം. സ്മാർട്ടാകാൻ പള്ളിക്കൽ വില്ലേജിന് ഇനിയും കടമ്പകളേറെ. അടൂർ താലൂക്കിൽ പള്ളിക്കൽ, ഏനാത്ത്, തുമ്പമൺ , കുരമ്പാല, പന്തളം എന്നി വില്ലേജോഫീസുകളാണ് സ്മാർട്ട് വില്ലേജോഫീസുകളായി ഉയർത്താൻ തീരുമാനിച്ചത്. എല്ലായിടത്തും ഒരുപോലെ ഫണ്ട് അനുവദിച്ച് നിർമാണ പ്രവർത്തനങ്ങളും തുടങ്ങി. പന്തളം, ഏനാത്ത്, തുമ്പമൺ , കുരമ്പാല എന്നിവിടങ്ങളിൽ പണി പൂർത്തീകരിച്ച് സ്മാർട്ട് വില്ലേജോഫീസായി ഉയർത്തി ഉദ്ഘാടനവും നടത്തി പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ രണ്ടു വർഷം മുൻപ് പള്ളിക്കൽ പണിതീർന്നിട്ടും എന്തുകൊണ്ടാണ് ഉദ്ഘാടനം നടത്താത്തതെന്ന് ചോദിച്ചാൽ വെള്ളമില്ല, വെളിച്ചമില്ല, ഫർണീച്ചറില്ല തുടങ്ങിയ മറുപടിയാണ് റവന്യു അധികൃതർ നൽകുന്നത്. സ്മാർട്ടായ വില്ലേജോഫീസുകളുടെ നിർമാണം നിർമിതി ആയിരുന്നു. അവർ ആവിശ്യമായ ഫർണീച്ചറും വാങ്ങി നൽകി. പള്ളിക്കലിൽ പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് പണി നടത്തിയത്. ഫർണീച്ചറിന് ഫണ്ടില്ലെന്നാണ് അവർ റവന്യു വകുപ്പിനെ അറിയിച്ചത്. ഫർണീച്ചർ മാത്രമായി വാങ്ങാൻ സർക്കാരിന് കഴിയില്ലത്രേ. ഇനി നാട്ടുകാരെ കൊണ്ട് സ്പോൺസർ ചെയ്യിക്കാൻ ജീവനക്കാർ കഴിഞ്ഞ ഒരു വർഷമായി ശ്രമിച്ചിട്ടും നടന്നില്ല. മാത്രമല്ല വെള്ളമില്ല . ആനയടി - കൂടൽ റോഡ് പണിക്ക് മൂന്ന് വർഷം മുൻപ് പൈപ്പ് പൊട്ടിയതാണ്. ഉടനെയൊന്നും ഇത് ശരിയാകുന്ന ലക്ഷണവുമില്ല. അതിനാൽ കുഴൽ കിണർ കുഴിക്കാൻ ജീവനക്കാർ പദ്ധതി സർക്കാരിന് സമർപിച്ചെങ്കിലും അംഗീകരിച്ചില്ല. വൈദ്യുതി കണക്ഷനും ഇതേ വരെ ലഭിച്ചില്ല. കാര്യങ്ങളിങ്ങനൊക്കെയാണെങ്കിലും ഉദ്ഘാടനം നടത്താൻ സ്വാഗത സംഘം കൂടിയതാണ്. ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ നടന്നില്ല.

ജനപ്രതിനിധികളും ശ്രദ്ധിച്ചില്ല

ജനപ്രതിനിധികളാരും പ്രത്യേക ശ്രദ്ധ പള്ളിക്കലിന്റെ കാര്യത്തിൽ നടത്തിയില്ല. രണ്ട് നിലയാണ് കെട്ടിടം. താഴെ വിശാലമായ ഹാൾ. വില്ലേജോഫീസറുടെ മുറി, റെക്കാർഡ്സ് മുറി, മുകളിലത്തെ നിലയിൽ രണ്ട് ഫാമിലി ക്വാർട്ടേഴ്സുകൾ. പ്രതിബന്ധങ്ങളെ മറികടന്ന് എന്ന് ഉദ്ഘാടനം ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകൾ. നിലവിലെ കെട്ടിടം ചോർന്നൊലിക്കുകയാണ്.

-കെട്ടിടം പണി തീർന്നിട്ട് 2 വർഷം കഴിഞ്ഞു

----

അധിക‌ൃതർ പറയുന്നത് വെള്ളമില്ല,

വെള്ളമില്ല, വെളിച്ചമില്ല, ഫർണീച്ചറില്ല