കൊടുമൺ: കാർഷിക മേഖലയിൽ വിപ്‌ളവം സൃഷ്ടിച്ച് മഹാത്മാ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾ വിളവെടുപ്പു തുടങ്ങി. അഞ്ഞൂറിൽപ്പരം മുന്തിയ ഇനം വാഴകകളായ ഞാലിപ്പൂവനും, ചെങ്കദളിയും, ചാരപ്പൂവനും, പൂവനും, പാളയംകോടനും, കണ്ണനും, ഏത്തനും എല്ലാമുണ്ട്. കൊടുമൺ പഞ്ചായത്തിലെ 9ാം വാർഡിൽ കുളത്തിനാൽ എന്ന സ്ഥലത്താണ് കൃഷി. വാഴകൃഷിക്കൊപ്പം എല്ലായിനം പച്ചക്കറികളുമുണ്ട്. പാകമായ കാബേജ് ഒരു ട്രിപ്പു വിളവെടുത്തു കഴിഞ്ഞു. വെണ്ടയും, വഴുതിനയും, കപ്പയും പാകമായി വരുന്നു. ഇവിടെത്തന്നെ മീൻ കുളവും ഉണ്ട്. മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ അനുബന്ധസ്ഥാപനങ്ങളായ അങ്ങാടിക്കൽ കൊടുമൺ എന്നിവിടങ്ങളിൽ മാത്രം നൂറിലധികം അന്തേവാസികളുണ്ട്. ആശുപത്രി വരാന്തകളിലും, വഴിയോരങ്ങളിലും റെയിൽവേ പ്‌ളാറ്റുഫോമുകളിലും ഉപേക്ഷിക്കപ്പെട്ട ഇവരെ ജനമൈത്രി പൊലീസും ജനപ്രതിനിധികളും സന്നദ്ധാസംഘടന പ്രവർത്തകരും അനാധാലയങ്ങളിലാക്കി. അങ്ങനെയുള്ള നാനൂറിലധികം പേരാണ് അടൂർ കേന്ദ്രമായുള്ള മഹാത്മാജനസേവനകേന്ദ്രത്തിൽ ഉള്ളത്. സമയത്തിന് ആഹാരവും മരുന്നും കിട്ടിയപ്പോൾ ഇവരിൽ പലരും സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ളവരായി. പക്ഷേ തിരിച്ചു പോകാൻ ഇടമില്ലാതായി. ഇവരിൽ ആവുന്നവർ കൃഷിയെ സഹായിക്കും. ഔഷധ സസ്യങ്ങളും ഔഷധ വൃക്ഷങ്ങളും എല്ലാം ഇവിടെ വളരുന്നുണ്ട്. മഹാത്മാജനസേവന കേന്ദ്രത്തിന്റെ ചെയർമാൻ രാജേഷ് തിരുവല്ലയാണ് നേതൃത്വം നൽകുന്നത്. അനാധാലയം ആയതുകൊണ്ടാവാം കൃഷിവകുപ്പിന്റെ കാണാപ്പുറത്തൊണ് ഈ കാർഷിക കേന്ദ്രം. ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷി രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുളളത്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നോട്ടം ഇവിടേക്കുകൂടി പതിയേണമേയെന്നാണ് അന്തേവാസികളുടെ പ്രാർത്ഥന.