അടൂർ : കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് ഷിഫ്ടുകളിലായി ഒാരോ ഡിവിഷനുകളുടെ കുറവുണ്ടാകുമ്പോൾ മൂന്ന് അദ്ധ്യയന വർഷം കൊണ്ട് ഏകദേശം 440 വിദ്യാർത്ഥികളുടെ കുറവാണ് 8 മുതൽ പത്ത് വരെ ക്ളാസുകളിൽ ഉണ്ടാകുന്നത്. ഇത്രയും കുട്ടികളുടെ പഠനാവസരം കുറയുന്നതിനൊപ്പം 110 നിർദ്ധന വിദ്യാർത്ഥികൾക്കുള്ള അവസരംകൂടിയാണ് നിഷേധിക്കപ്പെടുന്നത്. എട്ടാം ക്ളാസിലെ ഫസ്റ്റ് ബാച്ചിൽ മാത്രമാണ് 2020 - 21 അദ്ധ്യയന വർഷത്തിൽ മൂന്ന് ഡിവിഷനുകൾ നിലവിലുള്ളത്. കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധി കാരണം 2020 - 21അദ്ധ്യയന വർഷം രണ്ടാം ഷിഫ്ടിൽ ഒരു ഡിവിഷൻ കുറഞ്ഞു. ബാച്ചുകൾ വെട്ടിക്കുറച്ചതുവഴി വരുന്ന മൂന്ന് അദ്ധ്യയന വർഷങ്ങളിലുണ്ടാകാൻ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻകുറവാണ് ഉണ്ടാകാൻ പോകുന്നത്. 2021- 22 വർഷം ഒരു ബാച്ച് കുറയ്ക്കുക വഴി 40 കുട്ടികളുടെ കുറവുണ്ടാകും. ഇത് 2022 - 23 വർഷത്തിലെത്തുമ്പോൾ എട്ട്, ഒൻപത് ക്ളാസുകളിലായി 80 വിദ്യാർത്ഥികൾ കുറയും. 2023 - 24 വർഷത്തിൽ എട്ട്, ഒൻപത്, പത്ത് ക്ളാസുകളിലായി കുറയുന്ന വിദ്യാർത്ഥികളുടെ എണ്ണം 240 ആയി ഉയരും.ഉച്ചയ്ക്കുള്ള രണ്ടാം ഷിഫ്ടിൽ 2021 - 22 വർഷത്തിൽ 8-ാം ക്ളസിൽ നിലവിൽ മൂന്നാമത് ഡിവിഷൻ ഉണ്ടാകില്ല. അതേസമയം 2021- 22 വർഷം ഡിവിഷനുകളുടെ കുറവ് ഉണ്ടായതോടെ 8-ാം ക്ളാസിൽ 40 ഉം 2022 - 23 ,2023 - 24 അദ്ധ്യയന വർഷങ്ങളിലായി 9, 10 ക്ളാസുകളിലായി 160 ഉം വിദ്യാർത്ഥികൾ ഉൾപ്പെടെ മൊത്തം 200 വിദ്യാർത്ഥികളുടെ കുറവുണ്ടാകുന്നത്. വരുന്ന മൂന്ന് വർഷം അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ 440 കുട്ടികളുടെ കുറവ് ഉണ്ടാകുകവഴി വരുന്ന പത്ത് വർഷത്തേക്കുറിച്ച് ചിന്തിക്കുമ്പോൾ അവസരം നിഷേധിക്കുന്ന കുട്ടികളുടെ എണ്ണം ആയിരം കവിയും.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കഴുത്തറപ്പൻ ഫീസിൽ നിന്ന് വത്യസ്തമായി കേന്ദ്ര സർക്കാർ നിശ്ചയിച്ച തുച്ഛമായ ഫീസ് ഘടനമാത്രമല്ല അന്താരാഷ്ട്ര നിലവാരമുള്ള ക്ളാസുകളുമാണ് വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.