തിരുവല്ല: കെ.എസ്.ഇ.ബി കടപ്ര സെക്ഷൻ ഓഫീസിലെ ജീവനക്കാരനെ കരാറുകാരൻ മർദ്ദിച്ചതായി പരാതി. കടപ്ര സെക്ഷൻ ഓഫീസിലെ ലൈൻമാനും ആലപ്പുഴ സ്വദേശിയുമായ ജയപ്രമോദിനെ മണിപ്പുഴ സെക്ഷൻ പരിധിയിലെ കരാറുകാരനും കടപ്ര സ്വദേശിയുമായ സജിൽ മർദ്ദിച്ചതായാണ് പരാതി. ഇന്നലെ രാവിലെ 9ന് സെക്ഷൻ ഓഫീസിന് മുമ്പിലായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകിട്ട് നാലിന് ജയപ്രമോദും സഹപ്രവർത്തകനും സജിലിന്റെ വീടിന്റെ സമീപത്തെ വൈദ്യുത തകരാർ പരിഹരിക്കാനായി എത്തിയിരുന്നു. ഇതിനിടെ സജിലിന്റെ വീട്ടുപരിസരത്ത് വൈദ്യുതി ലൈൻ ഉൾപ്പടെയുള്ളവ ഉപകരണങ്ങൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ജയപ്രമോദ് ചോദ്യം ചെയ്തു. കെ.എസ്.ഇ.ബിയിൽ അറിയിക്കുമെന്ന് പറഞ്ഞ് ജയപ്രമോദും സഹപ്രവർത്തകനും മടങ്ങി.ഈസമയം സജിൽ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ കടപ്ര ഓഫീസിൽ എത്തിയ സജിൽ ജയപ്രമോദിനെ മർദ്ദിച്ചെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ ജയപ്രമോദ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങി. വൈദ്യുതി ലൈൻ ഉൾപ്പടെയുള്ള സാമിഗ്രികൾ വീട്ടുപരിസരത്ത് കണ്ടെത്തിയ സംഭവത്തിൽ കെ.എസ്.ഇ.ബി നൽകിയ പരാതിയിൽ സജിനെതിരെ കേസെടുത്തു.