മല്ലപ്പള്ളി: സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന മല്ലപ്പള്ളി പഞ്ചായത്ത് വക ബസ് സ്റ്റാൻഡിൽ തർക്കങ്ങളും വാഗ്വാദങ്ങളും പതിവായി. സമയത്തെ ചൊല്ലിയാണ് മിക്കപ്പോഴും തർക്കങ്ങൾ ഉടലെടുക്കുന്നത്. കോട്ടയം, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, ചുങ്കപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ബസുകൾ ദീർഘനേരം ബസ് സ്റ്റാൻഡിൽ പാർക്കുചെയ്യുന്നതുമൂലം പലപ്പോഴും വൻതിരക്കാണ് അനുഭവപ്പെടുന്നത്. 10 മിനിറ്റാണ് പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. ഇതൊരിക്കലും പാലിക്കാറില്ല. കൂടാതെ തിരുവല്ല റൂട്ടിൽ മിനിറ്റുകൾ ഇടവിട്ട് ബസുകൾ ഉള്ളതിനാൽ സമയത്തെ ചൊല്ലി വഴിയിലും പിന്നീട് ബസ് സ്റ്റാൻഡിലെത്തി ജീവനക്കാർ തമ്മിലുള്ള വഴക്കും അസഭ്യം പറച്ചിലും പതിവാണ്. സ്ഥലത്ത് ഡ്യൂട്ടിക്ക് പൊലീസ് ഇല്ലാത്തതിനാൽ ഇത് പതിവ് സംഭവമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ തർക്കത്തെ തുടർന്ന് ഒരു ബസുടമ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ഇടുങ്ങിയ ബസ് സ്റ്റാൻഡിൽ ബസുകൾ കുറുകെയിട്ട് പ്രതിഷേധിക്കുന്നതും പതിവാണ്. അമിതവേഗത്തിൽ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ വരുന്നതും പോകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ വൻഅപകടമാണ് പതിയിരിക്കുന്നത്.