പത്തനംതിട്ട: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടും കെ.എസ്.ആർ.ടി.സി ബസുകൾ അണുവിമുക്തമാക്കുന്നില്ല. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങൾ യാത്രയ്ക്ക് ആശ്രയിക്കുന്ന ട്രാൻ.ബസുകളിലെ കൊവിഡ് കാല യാത്ര കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ സർവീസ് അവസാനിച്ചു കഴിഞ്ഞാൽ ബസ് അണുവിമുക്തമാക്കുമായിരുന്നു. ഡിപ്പോകളിൽ സാനിറ്റൈസറുകളും മെഷീനുകളും ഉണ്ടെങ്കിലും ഇപ്പോൾ തികഞ്ഞ അലംഭാവമാണ് അധികൃതർ കാണിക്കുന്നത് . അതേസമയം ബസ് കഴുകുന്നതിന് ഒപ്പം അണുവിമുക്തമാക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നാൽ കഴുകുക മാത്രമാണെന്നും അണുവിമുക്തമാക്കാതെയാണ് സർവീസുകൾ നടത്തുന്നതെന്നും യാത്രക്കാർ പറയുന്നു.

കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിച്ചാണ് ബസ് കഴുകുന്നത്. ഒരു ബസ് കഴുകുന്നതിന് 27 രൂപയാണ് കൂലി. അണുവിമുക്തമാക്കുന്ന ജോലി ചെയ്യുന്നതിന് പ്രത്യേക കൂലി നൽകേണ്ടി വരും. കൊവിഡ് വ്യാപനം തടയുന്നതിന്, യാത്രക്കാരെ നിറുത്തി കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്തത്. അണുവിമുക്തമാക്കാതെ സർവീസ് നടത്തുന്നത് യാത്രക്കാർക്ക് മാത്രമല്ല ജീവനക്കാർക്കും രോഗ ഭീഷണി ഉയർത്തുന്നുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ നിന്ന് ജില്ലയിലെ ഡിപ്പോകളിലേക്കും തിരികെയും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്.

" ബസ് കൃത്യമായി അണുവിമുക്തമാക്കാറുണ്ട്. ഇപ്പോൾ യാത്രക്കാർ കുറവാണ്. യാത്രക്കാർ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. "

കെ.എസ്.ആർ.ടി.സി അധികൃതർ