കടമ്പനാട് : മണ്ണ് മാത്രം നിറച്ച് ഗ്രോ ബാഗുകൾ. കടമ്പനാട്ട് പരാതി പ്രളയം. കൃഷിഭവനിൽ നിന്നും കർഷകർക്ക് സൗജന്യമായി നൽകിയ ഗ്രോ ബാഗുകളാണ് വളമില്ലാതെ മണ്ണ് നിറച്ച് നൽകിയത്. ഇത് ഗുണനിലവാരമില്ലാത്തതാണന്നാണ് കർഷകരുടെ ആക്ഷേപം. കടമ്പനാട് കൃഷിഭവന്റെ പരിധിയിൽ വിതരണം നടത്തിയ ഗ്രോ ബാഗുകളാണ് പരാതിക്ക് ഇടവരുത്തിയത്. മണലും മൂന്നിൽ ഒന്ന് ജൈവവളവും (വേപ്പിൻ പിണ്ണാക്ക്, എല്ലു പൊടി, ചാണകം ഇവ അടങ്ങിയ ജൈവവളവും മൂന്നിൽ ഒന്ന് ചരൽ ഇല്ലാത്ത അരിച്ച മണ്ണും ആണ് ഒരു ബാഗിൽവേണ്ടത്. കടമ്പനാട് വിതരണം നടത്തിയ ഗ്രോ ബാഗുകളിൽ ചരലോടുകൂടിയ വെട്ടുകല്ല് വെട്ടിയ മണ്ണായിരുന്നെന്നും പേരിനു വേണ്ടി മാത്രം ചാണക പൊടി ഉള്ളതൊഴിച്ചാൽ വളമോ ചകരിച്ചോറോ ഒന്നും ഇല്ലായിരുന്നു. ഇത് കൃഷിക്ക് ഉപയോഗയോഗ്യമല്ല. കേന്ദ്ര സർക്കാരിന്റെ ആത്മ പദ്ധതി പ്രകാരമുളള ഫണ്ട് ഉപയോഗിച്ചാണ് ഗ്രോ ബാഗുകൾ നൽകിയത്. ഒരാൾക്ക് പത്ത് ഗ്രോ ബാഗുകളാണ് നൽകിയത്. കർഷകർ കൃഷിഭവനിലെത്തി ആധാർ കാർഡ്, റേഷൻ കാർഡ്, കരമടച്ച രസീത് എന്നിവ നൽകിയാണ് ഗ്രോബാഗുകൾ കൊണ്ടുപോയത്. കൊടുമണ്ണിലെ കർഷക ഗ്രൂപ്പിനെയാണ് ഗ്രോ ബാഗ് ശരിയാക്കാൻ ഏൽപിച്ചത്. കടമ്പനാട്ടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരാതി ശരിയാണന്ന് ബോദ്ധ്യപെട്ടെന്നും മുഴുവൻ ബാഗുകളും തിരിച്ചെടുത്ത് പുതിയവ നൽകുമെന്നും പറക്കോട് ബ്ലോക്ക് കൃഷി അസി.ഡയറക്ടർ പറഞ്ഞു.കടമ്പനാടിനെ കൂടാതെ അടൂർ കൃഷിഭവനിലും ഇതേ ഗ്രോ ബാഗുകൾ ഇറക്കി. സൗജന്യമായതിനാൽ പലരും പരാതി പറയുന്നില്ല. ഒരെണ്ണത്തിന് 80 രൂപയാണ് ഗ്രോ ബാഗുകൾ തയാറാക്കാൻ സർക്കാർ നൽകുന്നത്.