covid

പത്തനംതിട്ട : ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1246 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നവരും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1202 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 23 പേരുണ്ട്. ജില്ലയിലെ കൊവിഡ് വ്യാപനം പ്രതിദിനം ഉയർന്ന് വരികയാണ്. ആദ്യമായാണ് ജില്ലയിൽ കൊവിഡ് രോഗികൾ ആയിരം കടക്കുന്നത്. രണ്ട് ദിവസം നടത്തിയ കൊവിഡ് പ്രത്യേക പരിശോധനാ കാമ്പയിനിൽ 13,377 പേർ പരിശോധനയ്ക്ക് വിധേയരായി. മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകളിലും തിരുവല്ല മുനിസിപ്പാലിറ്റിയിലുമാണ് കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മല്ലപ്പള്ളി 87, കുന്നന്താനം 82, തിരുവല്ല 74 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലും ആനിക്കാട് പഞ്ചായത്തിലും അമ്പതിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ല ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഉയർന്നകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കൊവിഡ് ബാധിതർ പാലിക്കേണ്ട നിർദേശങ്ങൾ

റൂം ക്വാറന്റൈൻ കൃത്യമായി പാലിക്കുക.

റൂമിൽ നിന്ന് പുറത്തിറങ്ങുകയോ, മറ്റ് അംഗങ്ങളുമായി

ഇടപഴുകകയോ ചെയ്യരുത്.

രോഗിക്ക് ഭക്ഷണം നൽകുന്നതിനും മറ്റുമായി ഒരു വ്യക്തിയെ മാത്രമേ നിയോഗിക്കാവൂ. സമീകൃതാഹാരം കഴിക്കുക.

ചൂടു വെളളവും ചൂടുളള പാനീയങ്ങളും കുടിക്കുക.

ഏഴ് - എട്ട് മണിക്കൂർ ഉറങ്ങുക.
രോഗിയും പരിചരിക്കുന്ന വ്യക്തിയും മൂന്ന് ലെയർ മാസ്‌ക് ധരിക്കണം.

ശാരീരിക അകലം പാലിക്കണം.

രോഗി ഉപയോഗിച്ച പാത്രങ്ങൾ, തുണികൾ, മറ്റ് സാമഗ്രികൾ എന്നിവ മറ്റാരും ഉപയോഗിക്കരുത്.

ഇവ സ്വയം കഴുകി വൃത്തിയാക്കണം.

വസ്ത്രങ്ങളും മറ്റും സോപ്പു വെളളത്തിൽ 20 മിനിട്ട് മുക്കിവച്ച ശേഷം കഴുകണം.
സ്ഥിരമായി സ്പർശിക്കുന്ന പ്രതലങ്ങൾ, സ്വയം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.

ശ്വാസ തടസം, നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിൽനിന്നുളള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ബോധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയിലേതെങ്കിലും അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുക.

പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് എല്ലാ ദിവസവും ഓക്‌സിജൻ ലെവൽ (എസ് പിഒ2) സ്വയം പരിശോധിക്കുകയും ബുക്കിൽ എഴുതി സൂക്ഷിക്കുകയും വേണം.

പൾസ് ഓക്‌സിമീറ്റർ ഉപയോഗിക്കേണ്ട വിധം

അഞ്ചു മിനിട്ട് ഇരുന്ന് വിശ്രമിക്കുക. ചൂണ്ടു വിരൽ പൾസ് ഓക്‌സിമീറ്ററിൽ ഘടിപ്പിക്കുക. ഓക്‌സിജൻ സാച്ചറേഷൻ 94 ശതമാനത്തിൽ താഴെയോ, നാഡിമിടിപ്പ് മിനിട്ടിൽ 90 ൽ കൂടുകയോ ചെയ്താൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുക.


"വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾ റൂം ഐസൊലേഷൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ജില്ലയിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. "

ഡോ.എ.എൽ. ഷീജ

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)