തിരുവല്ല: തിരുവല്ല ഡയറ്റിലെ കൊവിഡ് വാക്‌സിൻ വിതരണ കേന്ദ്രത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വാക്‌സിൻ നൽകുന്നതായി പരാതി. മുൻകൂട്ടി ബുക്ക് ചെയ്തവരും പുതിയതായി രജിസ്റ്റർ ചെയ്യാൻ എത്തിയവരും ആദ്യ ഡോസ് സ്വീകരിച്ചവരും ഇന്നലെ ഇവിടെ ഒരേസമയം എത്തിയതാണ് പരാതിക്ക് കാരണമായത്. ഇതോടൊപ്പം വാക്സിൻ ക്ഷാമം ഉണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നതോടെ അഞ്ഞൂറോളം പേരാണ് ഇവിടെ വാക്സിൻ സ്വീകരിക്കാൻ എത്തിയത്. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ലഭിക്കാൻ മുൻഗണന നൽകണമെന്ന് ചിലർ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുക്കാതെ മറ്റുള്ളവരും വാക്സിൻ സ്വീകരിക്കാൻ തിക്കുംതിരക്കും കൂട്ടിയത് ജീവനക്കാരിലും ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു. പിന്നീട് താലൂക്ക് ആശുപത്രി അധികൃതർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.