തലവേദനയായി പുനലൂർ-മൂവാറ്റുപുഴ റോഡ് പണി
മണ്ണാരക്കുളഞ്ഞി: പുനലൂർ-മൂവാറ്റുപുഴ റോഡ് പദ്ധതിയുടെ ഭാഗമായുള്ള മണ്ണാരക്കുളഞ്ഞി ആശുപത്രി പടിയിലെ കലുങ്ക് നിർമ്മാണം പകുതിക്ക് നിറുത്തിയതുകാരണം നാട്ടുകാരുടെ വഴിയടഞ്ഞു. ഇവിടെ റോഡിന്റെ പകുതിപൊളിച്ച് ഒന്നര മാസം മുമ്പാണ് കലുങ്ക് നിർമ്മാണം തുടങ്ങിയത്. ഇത് പൂർത്തിയാക്കി ടാർ ചെയ്ത ശേഷം വേണം അടുത്ത പകുതി പൊളിച്ച് കലുങ്ക് നിർമ്മിക്കാൻ.
കലുങ്ക് പണിക്ക് റോഡിന്റെ ഒരു ഭാഗം പൊളിച്ചപ്പോൾ സമീപത്തെ റേഷൻ കടയിലേക്ക് പോകാൻ ആളുകൾക്ക് വഴിയില്ലാതായി. കലുങ്കിനു വേണ്ടി കുഴിച്ച ഭാഗത്തെ മണ്ണ് ഒാട്ടോ സ്റ്റാൻഡിലേക്കാണ് തളളിയത്. ഇതോടെ ഇരുപതോളം ഒാട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. കലുങ്ക് നിർമ്മാണത്തിനാവശ്യമായ മെറ്റലും ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾക്കും പാർക്കിംഗ് സ്ഥലമില്ല.
ആശുപത്രി പടിയിൽ നിന്ന് വാലുപറമ്പിൽ ജംഗ്ഷനിലേക്ക് കയറാനുള്ള പടിക്കെട്ടു തുടങ്ങുന്ന ഭാഗത്ത് കലുങ്കിന് വേണ്ടിയുള്ള വലിയ കുഴിയാണ്. ഒരു മലയ്ക്ക് കുറുകെ നൂറോളം പടികൾ കയറി വാലുപറമ്പിൽ ജംഗ്ഷനിലെത്തിയാണ് പത്തനംതിട്ട, റാന്നി ഭാഗങ്ങളിലേക്ക് ആളുകൾ ബസ് കയറുന്നത്. കലുങ്കിന്റെ കുഴി കാരണം ഇൗ വഴിയും തടസ്സപ്പെട്ടു. ഇപ്പോൾ വാലുപറമ്പ് ജംഗ്ഷനിൽ എത്താൻ രണ്ട് കിലോമീറ്റർ ചുറ്റണം. ആശുപത്രി പടിയിൽ നിന്ന് വടശേരിക്കര റോഡിലൂടെ ആനകുഴിക്കാൻ പടിയിലെത്തി മൂഴിയാർ ജംഗ്ഷൻ ചുറ്റി മേക്കൊഴൂർ റോഡിൽ കയറി വാലുപറമ്പിലെത്തലണം.
-------------------
പരാതിപ്പെട്ടാൽ കേസെടുക്കുമെന്ന് !
പുനലൂർ-മൂവാറ്റുപുഴ റോഡ് പണിയുടെ ഭാഗമായി ആശുപത്രി പടിയിൽ നിന്ന് റാന്നി റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ട് ഒന്നര വർഷമായി. റോഡ് പണി ഇവിടെ ഒച്ചിഴയും വേഗത്തിലാണ്. നിർമ്മാണച്ചുമതലയുള്ള കെ.എസ്.ടി.പി അധികൃതരോട് പരാതിപ്പെട്ടാൽ റോഡ് നിർമ്മാണം തടസപ്പെടുത്തുന്നതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് പരിസരവാസികൾ പറഞ്ഞു.
------------------
'' കലുങ്ക് നിർമ്മാണമെങ്കിലും വേഗത്തിൽ പൂർത്തിയാക്കണം. നിരവധി ആളുകളുടെ വഴിയാണ് മുടങ്ങിയത്. റേഷൻ കടയിലെത്താനും പറ്റുന്നില്ല. ശബരിമല പാതയിലേക്ക് വളഞ്ഞു കയറുന്ന ഭാഗമായതിനാൽ അപകട സാദ്ധ്യതയേറെയാണ്.
അഡ്വ. മാത്യു വർഗീസ്, പ്രദേശവാസി.