ചെങ്ങന്നൂർ : കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം അടിമുടി പിഴച്ചതാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് നാനൂറ് രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് അറുനൂറ് രൂപയ്ക്കും വാക്‌സിൻ നൽകാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയതിലൂടെ വാക്‌സിൻ ആവശ്യകതയിൽ കൃത്രിമക്ഷാമം സൃഷ്ടിക്കപ്പെടും. ഇതോടെ സാധുക്കളായവർക്ക് വാക്‌സിൻ പൊതുമേഖലയിൽ കൂടി ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇന്ത്യൻ ജനതയുടെ ജീവൻകൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന വാക്‌സിൻ ചൂതാട്ടം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ വാക്‌സിൻ നയം പ്രകാരം മേയ് ഒന്ന് മുതൽ സ്വകാര്യ ആശുപത്രികൾക്കും വാക്‌സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയും. ഇതോടെ വാക്‌സിൻ നിരക്ക് സ്വകാര്യ ആശുപത്രികളിൽ കുത്തനെ ഉയരുകയും പൂഴ്ത്തിവെപ്പിനുള്ള സാദ്ധ്യത ഇരട്ടിക്കുകയും ചെയ്യും. ഈ തീരുമാനം പിൻവലിച്ച് രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ സൗജന്യമായി തന്നെ സർക്കാർ വിതരണം ചെയ്യണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. വാക്‌സിൻ സംഭരിക്കുന്നതിന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും ജനങ്ങളുടെ ജീവൻ ബഹുരാഷ്ട്ര കുത്തകളുടെ ലാഭിക്കൊതിക്ക് വിട്ടുനൽകരുതെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.