തിരുവല്ല: വാട്ടർ അതോറിറ്റിയുടെ ലക്ഷക്കണക്കിന് ലിറ്റർ ശേഷിയുള്ള നിരണത്തെ കുടിവെള്ള സംഭരണി അപകടഭീഷണി ഉയർത്തുന്നു. നിരണം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിന് സമീപത്തെ ജലസംഭരണിയാണ് ഭീഷണിയാകുന്നത്. അരനൂറ്റാണ്ടോളം പഴക്കമുള്ള ജലസംഭരണി സ്ഥിതിചെയ്യുന്നത് 40 അടിയോളം ഉയരത്തിലാണ്. കോൺക്രീറ്റ് അടർന്ന് പലയിടത്തും കമ്പി ദ്രവിച്ച നിലയിലാണ്. സ്ളാബിലും തൂണുകളിലും ഉൾപ്പെടെ സംഭരണിയുടെ പലഭാഗത്തും ചോർച്ചയുമുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്ന നിരണം പഞ്ചായത്തിൽ ഇതുമൂലം മിക്കപ്പോഴും ശുദ്ധജലവിതരണം തടസ്സപ്പെടാറുണ്ട്. സംരക്ഷണഭിത്തിയും നിർമ്മിച്ചിട്ടില്ല. ചുവട്ടിൽ നിന്ന് മുകളിൽ വരെ കോണിപ്പടികളും തൂണിനോട് ചേർത്ത് നിർമ്മിച്ചിട്ടുണ്ട്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരും മറ്റും ഇവിടെ താവളമാക്കുന്നതും പതിവാണ്. സമീപത്തായി ഒട്ടേറെ വീടുകളുമുണ്ട്. സംഭരണിയുടെ ചോർച്ചയും ഭീഷണിയും ഒഴിവാക്കാൻ വാട്ടർ അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസ് ആവശ്യപ്പെട്ടു. വാർഡ് മെമ്പർ ജോളി ഈപ്പൻ, അലക്സ് പുത്തൂപ്പള്ളിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.