മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത് പരിധികളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻവർദ്ധനയാണ് ഇന്നലെയും അനുഭവപ്പെട്ടത്. ജില്ലയിൽ ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ മുന്നിൽ ഒന്ന് രോഗികൾ ഇവിടെയാണ്. ഇന്നലെ ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള 1246 രോഗികളിൽ 352 പേർ മല്ലപ്പള്ളിക്കാരാണ്. ജില്ലയിലെ കൊവിഡ് ഗ്രാഫിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മല്ലപ്പള്ളി പഞ്ചായത്തിലാണ് - 87. രോഗബാധിതനായ കുന്നന്താനം സ്വദേശി ജില്ലാ ആശുപത്രിയിൽ ഇന്നലെ മരിച്ചു. കഴിഞ്ഞ ദിവസം ആനിക്കാട്ട് രണ്ടുപേരും, മല്ലപ്പള്ളിയിൽ ഒരാളും കുന്നന്താനത്ത് രണ്ടുപേരും മരണമടഞ്ഞിരുന്നു. പല വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ നിന്നുള്ള ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ രണ്ട് ദിവസമായി വാക്‌സിനേഷൻ നിലച്ചിരുന്നെങ്കിലും വാക്‌സിൻ എത്തിയാൽ ഇന്ന് 100 പേർക്ക് രണ്ടാമത്ത് ഡോസ് നൽകുമെന്നറിയുന്നു. എന്നാൽ ഇതിലും വൃക്തതമായ ധാരണയായിട്ടില്ല. ഇന്നലെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്ക് ഉച്ചയോടുകൂടി രജിസ്‌ട്രേഷൻ റദ്ദാക്കിയതായി കാണിച്ച് അറിയിപ്പ് ലഭിച്ചു. വാക്‌സിനേഷൻ സംബന്ധിച്ച് വൃക്തത ഉണ്ടാകാത്തതുമൂലം ജനങ്ങൾ ആശങ്കയിലാണ്.
------------------
കൊവിഡ് ബാധിതർ ഇന്നലെ -
മല്ലപ്പള്ളി (87)
. കുന്നന്താനം (82)
ആനിക്കാട് (52)
കവിയൂർ (37)
കല്ലൂപ്പാറ (23)
. കോട്ടാങ്ങൽ (19)
എഴുമറ്റൂർ (18)
കൊറ്റനാട് (17)
പുറമറ്റം (17)