ചെങ്ങന്നൂർ: കിണറുകൾ വറ്റിയതോടെ ആല പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം.കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചെങ്കിലും കിണറുകളിൽ ജലം എത്തിയിട്ടില്ല. പഞ്ചായത്തിൽ നിന്ന് ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇത് തികയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പഞ്ചായത്തിലെ 2, 4, 5, 6, 7 വാർഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. 200 ഓളം കുടുംബങ്ങളാണ് ടാങ്കറിൽ എത്തുന്ന വെള്ളം കാത്തിരിക്കുന്നത്. പഞ്ചായത്ത്‌ ഫണ്ട്‌ അപര്യാപ്തമായതിനാൽ കൂടുതൽ വെള്ളം ടാങ്കാറുകളിൽ എത്തിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. കൂടുതൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് ആവശ്യം.

ഒരു വാർഡിൽ ടാങ്കർ ആഴ്ചയിൽ രണ്ട് തവണ മാത്രമാണ് എത്തുന്നത്. ഇത് എല്ലാ പ്രദേശങ്ങളിലും എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് രാജീവ്‌ ഗാന്ധി കുടിവെള്ള പദ്ധതിയുടെ മിനി പൈപ്പ് ലൈനുകൾ ഉണ്ടെങ്കിലും 20 ഓളം കുടുംബങ്ങൾക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുന്നത്.

ജനങ്ങൾക്ക് മതിയായ വെള്ളം ലഭിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടം ഇടപെട്ട് പരിഹാരം കാണണമെന്നും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ

സജി കുമാർ പറഞ്ഞു.