പത്തനംതിട്ട : കൊവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുളള ആനിക്കാട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ 22 മുതൽ ഏപ്രിൽ 28 അർദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർഡോ. നരസിംഹുഗാരിതേജ്‌ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചോ അതിലധികമോ ജനങ്ങൾ കൂട്ടംകൂടുന്നത് നിരോധിച്ചു.
വിവാഹം, മരണ ചടങ്ങുകൾക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകൾക്കും പരമാവധി 20പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബസ് സ്റ്റാൻഡുകൾ, പൊതുഗതാഗതം, ആശുപത്രികൾ, പരീക്ഷകൾ,ഹോട്ടലുകൾ (പാഴ്‌സലുകൾ മാത്രം), ഇലക്ഷൻ സംബന്ധമായ ആവശ്യങ്ങൾ, വ്യാപാര വാണിജ്യ ആവശ്യങ്ങൾ മുതലായ സ്ഥലങ്ങളിൽ കൃത്യമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
വാക്‌സിൻ കേന്ദ്രങ്ങളിൽ നൂറു പേർക്ക് പ്രവേശനം
പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കൊവിഡ്, വാക്‌സിനേഷൻ എന്നിവയുടെ ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ.ഷീജയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിക്കുംതിരക്കും ഒഴിവാക്കാനാണ് എണ്ണം പരമിതപ്പെടുത്തിയത്. ജില്ലയിൽ കൊവിഡ് വാക്‌സിൻ ലഭ്യത കുറവുള്ള സാഹചര്യമായതിനാൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രണ്ടാം ഡോസ് വാക്‌സിനേഷൻ എടുക്കാനുള്ളവർക്ക് മാത്രമാണ് ഇപ്പോൾ വാക്‌സിൻ എടുക്കാൻ അവസരമുള്ളത്. അവർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച കേന്ദ്രവുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം രണ്ടാം ഡോസ് വാക്‌സിൻ എടുക്കുക. ആദ്യ ഡോസ് വാക്‌സിനേഷൻ എടുക്കാനുള്ളവർക്ക് ഒൺലൈൻ രജിസ്‌ട്രേഷൻ മാത്രമാണുള്ളത്, സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകില്ല.
ഐ.സി.യു കിടക്കകളുടെ എണ്ണം കൂട്ടും
പത്തനംതിട്ട : ജില്ലയിൽ കൊവിഡ് പോസിറ്റീവ് നിരക്ക് ഉയർന്നതോടെ സർക്കാർ ആശുപത്രികളിലെ ഐ.സി.യു കിടക്കകളുടെ എണ്ണം കൂട്ടുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 .25 ശതമാനമായി ഉയർന്നിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 16 കിടക്കകളുടെ പുതിയ ഐ.സി.യു അധികമായി ഒരുക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 31 കിടക്കകളുള്ള ഐ.സി.യു ആണുള്ളത്. ഇവിടെ സ്ഥലപരിമിതി കാരണം പുതിയ ഐ.സി.യു ഒരുക്കാൻ കഴിയില്ല. ജില്ലാ ആശുപത്രി ഇപ്പോൾ പൂർണമായും കൊവിഡ് ചികിത്സക്കായി മാറ്റിയിട്ടുണ്ട്. തിരുവല്ല , മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിലും അടൂർ ജനറൽ ആശുപത്രിയിലും ഐ.സി.യു കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.