fire
പ്രള​യ​ത്തിൽ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വി​നീത്. ക​ഴി​ഞ്ഞ ന​വം​ബറിൽ കു​ട്ടി​യെ വീണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോൾ എ​ടു​ത്ത​താ​ണ് ര​ണ്ടാമ​ത്തെ ചിത്രം

തിരുവല്ല: ദുരന്തമുഖങ്ങളിൽ കുതിച്ചു പാഞ്ഞെത്തി രക്ഷാപ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിനീത് ഇനി ഓർമ്മ. കരുനാഗപ്പള്ളിയിൽ ഇന്നലെ രാവിലെ വാഹനാപകടത്തിൽ വിനീത് മരിച്ചു. 2015 മാർച്ച് മുതൽ തിരുവല്ല ഫയർസ്റ്റേഷനിൽ ഡ്രൈവറായി ജോലിക്കെത്തിയ ഈ യുവാവിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 2018ലെ പ്രളയകാലത്ത് വിനീതിന്റെ സേവനങ്ങൾ മറക്കാനാകില്ല. പമ്പയും മണിമലയും കരകവിഞ്ഞൊഴുകിയെത്തി തിരുവല്ലയെ മുക്കിയപ്പോൾ രക്ഷാപ്രവർത്തനിറങ്ങിയതാണ് വിനീത് ഉൾപ്പെട്ട ഫയർഫോഴ്‌സ് ടീം. നെടുമ്പ്രത്ത് അമ്പലപ്പുഴ റോഡരുകിലെ ചെറിയ വീടിനുള്ളിൽ രണ്ടടിയിലേറെ വെള്ളമുണ്ട്. വെള്ളം ഉയരുന്നതിന്റെ ഭീതിയിൽ എവിടെപോകുമെന്ന് അറിയാതെ ആശങ്കയിലായ കുടുംബത്തെ രക്ഷപെടുത്തിയത് വിനീതും സംഘവുമായിരുന്നു. വീട്ടിനുള്ളിൽ കുടുങ്ങിയ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വാത്സല്യത്തോടെ കയ്യിലെടുത്ത് ഇറങ്ങുന്ന വിനീതിന്റെ ചിത്രം അന്ന് സോഷ്യൽ മീഡിയായിൽ പ്രചരിച്ചിരുന്നു. അടുത്തിടെ ചക്കുളത്തുകാവിൽ പൊങ്കാലയുടെ ഡ്യൂട്ടിക്ക് എത്തിയപ്പോഴും ആ വീട്ടിലെത്താൻ വിനീത് മറന്നില്ല. അന്ന് രക്ഷിച്ച കുഞ്ഞിനിപ്പോൾ രണ്ട് വയസുണ്ട്. ഏറെനേരം ആ കുഞ്ഞിനെ കാെഞ്ചിച്ച ശേഷമാണ് വിനീത് മടങ്ങിയത്. പ്രളയനാളുകളിൽ വീട്ടിൽപോലും പോകാതെ ദിവസങ്ങളോളം രാപകൽ രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന വിനീതിനെ സന്നദ്ധ സംഘടനകൾ ആദരിക്കുകയുമുണ്ടായി.

ജീവൻരക്ഷാ മരുന്നുകളുമായി യാത്ര


കൊവിഡ് കാലത്തും പുഞ്ചിരിതൂകുന്ന മുഖവുമായി മുന്നണി പോരാളിയായിരുന്നു വിനീത്. ജീവൻരക്ഷാ മരുന്നുകൾ ബുള്ളറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളിലെത്തിച്ച് കൊടുത്തവരിൽ പ്രധാനിയായിരുന്നു. വനമേഖലകളിലും എരുമേലിയിലും ചങ്ങനാശ്ശേരിയിലുമൊക്കെ കാൻസർ ഉൾപ്പെടെ മാരകരോഗങ്ങൾ ബാധിച്ചവർക്ക് മരുന്നുകൾ എത്തിച്ചുകൊടുത്ത് ആശ്വാസമേകി. മെക്കാനിക്കൽ ഡിപ്ലോമയുള്ള ഈ 35കാരൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കാനും മിടുക്കനായിരുന്നു. എപ്പോഴും ടൂൾകിറ്റ് സൂക്ഷിച്ചിരുന്ന ഈ യുവാവ്, ഫയർസ്റ്റേഷനിലെ വാഹനങ്ങളുടെ തകരാറുകളും ടയർ മാറ്റിയിടുന്ന ജോലികളും ചെയ്തിരുന്നതായി അസി.ഫയർസ്റ്റേഷൻ ഓഫീസർ എസ്.സുരേഷ് പറഞ്ഞു. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിവേഗത്തിൽ ചീറിപ്പായുന്ന ഫയർ എൻജിൻ അപകടങ്ങൾ ഉണ്ടാക്കാതെ അതീവ ശ്രദ്ധാലുവായാണ് ഓടിച്ചിരുന്നതെന്നും സഹപ്രവർത്തകർ ഓർക്കുന്നു.