തിരുവല്ല: തിരക്കേറിയ ആഞ്ഞിലിത്താനം - പാമല റോഡിലെ വീടുകളുടെ മുമ്പിൽ മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. സൽക്കാര പാർട്ടികളിലെ മാലിന്യങ്ങൾ ചാക്കിൽ നിറച്ചു രാത്രികാലങ്ങളിലാണ് ഇവിടുത്തെ വീടുകളുടെ മുമ്പിൽ തള്ളുന്നത്. കഴിഞ്ഞ രാത്രിയിൽ മാംസാവശിഷ്ടങ്ങൾ നിറച്ച ചാക്കുകൾ തള്ളിയത് ജനത്തെ ബുദ്ധിമുട്ടിലാക്കി. സൽക്കാരങ്ങളുടെ അവശിഷ്ടങ്ങളും മറ്റും കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് പലയിടത്തായി വഴിനീളെ നിക്ഷേപിച്ചു. രൂക്ഷമായ ദുർഗന്ധം കാരണം മൂക്കുപൊത്താതെ വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുമ്പോഴാണ് മാലിന്യങ്ങളും തള്ളി ജനങ്ങളെ സാമൂഹ്യവിരുദ്ധർ ബുദ്ധിമുട്ടിക്കുന്നത്. പലയിടത്തും അനധികൃതമായി സൽക്കാര പാർട്ടികൾ നടത്തുന്നുണ്ട്. ഇതിന്റെ മാലിന്യങ്ങളാകാം രാത്രിയുടെ മറവിൽ ജനവാസ കേന്ദ്രങ്ങളിലെ റോഡിൽ തള്ളുന്നതെന്ന് സംശയിക്കുന്നു. ഇതിനുമുമ്പും പലപ്രാവശ്യം ഇത്തരം പ്രവർത്തികൾ നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് പരാതികൾ നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുകയോ സാമൂഹ്യവിരുദ്ധരെ കണ്ടെത്താനോ ശ്രമിച്ചിട്ടില്ല. ഒരു വർ‌ഷമായി ആഞ്ഞിലിത്താനം മുതൽ പാമല റോഡിലേക്കുള്ള തെരുവുവിളക്കുകൾ തകരാറിലാണ്. ഇതും സാമൂഹ്യവിരുദ്ധർക്ക് അവസരമായിരിക്കുകയാണ്. പൊതുനിരത്തുകളിൽ കാമറ സ്ഥാപിച്ചും പൊലീസ് പട്രോളിംഗ് ശക്തമാക്കിയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.