തിരുവല്ല: വേനൽമഴയെ തുടർന്ന് വെള്ളത്തിലായ നെല്ല് വള്ളത്തിലെത്തി കൊയ്തെടുത്തു. തിരുവല്ല നഗരസഭയിലെ 15,16,17,19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന തിരുമൂലപുരം മീന്തലവയൽ പാടശേഖരത്തിലെ നെൽച്ചെടികളാണ് വെള്ളത്തിലായത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത വേനൽമഴയെ തുടർന്നാണ് കൊയ്ത്തിന് പാകമായ 18 ഹെക്ടറോളം വരുന്ന പാടശേഖരത്ത് വെള്ളം കയറിയത്. പാടത്ത് വെള്ളം നിറഞ്ഞതോടെ നെൽച്ചെടികൾ ഭൂരിഭാഗവും നിലം പതിച്ചു. നെല്ലും കൊഴിഞ്ഞുവീണു. വെള്ളക്കെട്ട് കാരണം കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്ത സ്ഥിതിയുമായി. നെല്ല് കിളിർത്ത് നശിക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്താൻ പാടശേഖര സമിതി ഭാരവാഹികൾ തീരുമാനിച്ചത്. ഇതേതുടർന്നാണ് ഇന്നലെ രാവിലെ മുതൽ കൊയ്ത്ത് ആരംഭിച്ചത്. കുറച്ച് തൊഴിലാളികളെ മാത്രമാണ് ലഭിച്ചത്. തൊഴിലാളികൾ കൊയ്ത് കൂട്ടുന്ന നെല്ല് വള്ളത്തിൽ ശേഖരിച്ച് കർഷകർ കരയ്ക്കെത്തിക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ഇത്തവണ വിത്തിറക്കാൻ വൈകിയതാണ് വിളവെടുപ്പും വൈകിപ്പിച്ചത്. വിളവെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ വേനൽമഴയും കർഷകർക്ക് ദുരിതമായി. തൊഴിലാളികൾ കുറവായതിനാൽ കൊയ്ത്ത് പൂർത്തിയാകാൻ ഒരാഴ്ചയിലേറെ വേണ്ടിവരുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.