ചെങ്ങന്നൂർ : ചികിത്സകിട്ടാതെ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖാബഡെ വിശദീകരണം തേടി. ജില്ലാ കളക്ടർ മൂന്ന് ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് നൽകണം. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഡി.എം.ഒയെ ചുമതലപ്പെടുത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പെണ്ണുക്കര സ്വദേശി ഭാനുസുതൻ പിള്ളയാണ് കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ചത്. ശ്വാസതടസത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാനുസുതൻ പിള്ളയ്ക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടും രണ്ടു തവണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ എത്തിച്ചിട്ടും ചികിത്സ ലഭ്യമായില്ല. ആലാ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിരന്തരം ബന്ധപ്പെട്ടിട്ടും ചികിത്സ ലഭ്യമാക്കിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ തിരികെയെത്തിച്ച രോഗി ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. ജാഗ്രത പോർട്ടലിൽ രജിസ്റ്ററായില്ലെന്ന് പറഞ്ഞാണ് ചികിത്സ വൈകിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ചെങ്ങന്നൂർ ജനറൽ ആശുപത്രി സൂപ്രണ്ടിനോടും ആലാ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറോടും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.