ചെങ്ങന്നൂർ : പുലിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്‌സിനെടുക്കാൻ എത്തിയവരും അധികൃതരും തമ്മിൽ തർക്കമുണ്ടായി. വാക്‌സിനെടുക്കാൻ ഇവിടെ തിരക്കുണ്ടായിരുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് വാക്‌സിനേഷൻ നടത്തുന്നതിന് പകരം നേരിട്ടെത്തിയവർക്ക് ചിലർ സൗകര്യമൊരുക്കിയെന്ന് ആരോപിച്ചായിരുന്നു ബഹളം. എന്നാൽ തെറ്റിദ്ധാരണ മൂലമാണ് പ്രശ്‌നമുണ്ടായതെന്നും ശനിയാഴ്ച മുന്നൂറോളം പേരാണ് ഇവിടെ വാക്‌സിനെടുക്കാനെത്തിയതെന്നും അന്ന് എടുക്കാൻ കഴിയാതിരുന്നവർക്കും രണ്ടാം ഡോസ് വാക്‌സിൻ വേണ്ടവർക്കും മാത്രമായാണ് കഴിഞ്ഞ ദിവസം വാക്‌സിനേഷൻ നടത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകേണ്ടത് അത്യാവശ്യമായിരുന്നതിനാൽ അത്തരക്കാരെ തിരഞ്ഞെടുത്ത് വാക്‌സിനേഷൻ നൽകുകയായിരുന്നെന്നും ഹെൽത്ത് ഇൻസ്‌പെക്ടറും പറഞ്ഞു.