ഇലവുംതിട്ട: കൊവിഡ് മരണം നടന്ന വീടിന്റെ പരിസരങ്ങളിൽ ആറു പേർക്ക് കൂടി രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ മണ്ണിൽമോടി പ്രദേശങ്ങളിൽ കർശന പൊലീസ് പരിശോധന നടത്തുമെന്ന് ഇലവുംതിട്ട എസ്.എച്ച്. ഒ എം.രാജേഷ് അറിയിച്ചു. ആളുകൾ തിങ്ങിപ്പാർക്കുന്ന കോളനി പ്രദേശമായതിനാൽ നീരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കരുതെന്നും കൊവിഡ് പ്രോട്ടോക്കോൾ കർശനമയി പാലിക്കണമെന്നും ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ എസ്.അൻവർഷ കോളനിയിലെത്തി അറിയിച്ചു. പൂപ്പൻകാല പെനിയാൻ പെന്തക്കോസ്തു ചർച്ച് മൈതാനത്ത് ഇന്നലെ 55 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മോ ടിയിൽ ഹൃദ് രോഗം മൂലം മരിച്ചയാൾക്ക് കൊവിഡ് പോസിറ്റിവായ സാഹചര്യത്തിലാണ് കോളനികളിൽ അടിയന്തര പരിശോധന നടന്നത്.രൂക്ഷമായ രോഗപ്പകർച്ചയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കുളനട പഞ്ചായത്ത് ഒമ്പതാം വാർഡ് ഉൾപ്പെടുന്ന മണ്ണിൽമോടി, കല്ലുങ്കൽ, ഒറ്റപ്ലാവുനിക്കുന്നതിൽ മേഖല കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്.