ചെങ്ങന്നൂർ : ജില്ലാ ആശുപ്രതിയിലെ ഒ.പി വിഭാഗം താൽക്കാലികമായി നിറുത്തലാക്കിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും പകരം സംവിധാനം ഒരുക്കാത്തത് രോഗികളെ വലയ്ക്കുന്നു. 100 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെയാണ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ഒ.പി അടക്കമുള്ള വിഭാഗങ്ങളുടെ പ്രവർത്തനം ഗവ.ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രി താൽക്കാലികമായി പ്രവർത്തിപ്പിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഇവിടെ പൂർത്തിയായിട്ടില്ല. ഇതാണ് ചികിത്സ തുടങ്ങാൻ വൈകുന്നത്.
താൽക്കാലിക വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിൽ
ബോയ്‌സ് ഹൈസ്‌കൂളിൽ നിലവിൽ കൺസൽറ്റേഷൻ മുറികളുടെ നിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ആശുപത്രി ഉപകരണങ്ങൾ പ്രവർത്തിക്കാൻ ട്രാൻസ്‌ഫോമർ സ്ഥാപിക്കേണ്ടതുണ്ട്. ഇതു നടന്നിട്ടില്ല. ശുദ്ധജല കണക്ഷനും ലഭിച്ചിട്ടില്ല. സ്റ്റോർ, അത്യാഹിത വിഭാഗം, കിടത്തി ചികിത്സാ സൗകര്യം, നഴ്‌സസ് സ്റ്റേഷൻ എന്നിവയും ഇനിയും ക്രമീകരിച്ചിട്ടില്ല. ഈ സജ്ജീകരണങ്ങൾ എല്ലാംതന്നെ വേഗത്തിൽ പൂത്തീകരിച്ചില്ലെങ്കിൽ ഒ.പിയിൽ ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ഇനിയും വലയും. ജില്ലാ ആശുപത്രിയിൽ നിർമാണം നടക്കുന്നത് കാരണം രണ്ടാഴ്ചത്തേക്കാണ് ഒ.പി, അത്യാഹിതവിഭാഗം, ലബോറട്ടറി, എക്‌സ്രേ എന്നിവ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചത്. മാതൃശിശു കേന്ദ്രത്തിൽ സ്ത്രീ രോഗങ്ങൾക്കുമുള്ള ചികിത്സയും ശിശരോഗവിഭാഗവും പ്രവർത്തിക്കുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട സ്രവപരിശോധന പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന ദിവസം വരെ ഇവിടെ പ്രവർത്തിക്കും.