ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ നടന്നത് സർക്കാർ സ്‌പോൺസേഡ് കൊലപാതകമാണെന്നും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ പാവങ്ങൾക്ക് ആശ്രയമാകേണ്ട ജില്ലാ ആശുപത്രി പൊളിക്കുന്നത് വികസനമാണെന്ന് ധരിക്കുന്ന എം.എൽ.എയാണ് ഇവിടുള്ളതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. വികസനത്തെ ബി.ജെ.പി എതിർക്കുന്നില്ല. പക്ഷേ അതിന് അനുയോജ്യമായ സമയം ഇതോണോയെന്ന് സാധാരണക്കാർ സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല. പെണ്ണുക്കരയിൽ ശ്വാസം മുട്ടലുണ്ടായിരുന്ന കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എം.എൽ.എ പ്രതികരിക്കണം. കൊവിഡ് പ്രതിരോധം ചെങ്ങന്നൂരിൽ താളം തെറ്റിയിരിക്കുകയാണ്. ചെങ്ങന്നൂർ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന് ഗോപകുമാർ ആരോപിച്ചു.