lockdown

പത്തനംതിട്ട :ഇന്നും നാളെയും ആവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും കർശന നിയന്ത്രണങ്ങൾ ഉണ്ടാവുമെന്നും ജില്ലാപൊലീസ് മേധാവി ആർ. നിശാന്തിനി അറിയിച്ചു. സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. മുൻകൂട്ടി നിശ്ചയിച്ച വിവാഹ, ഗൃഹപ്രവേശ ചടങ്ങുകളിൽ പരമാവധി 75 പേരെ അനുവദിക്കും. ഭക്ഷണസാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന ഏറ്റവും അടുത്തുള്ള കടകളിൽ നിന്ന് വാങ്ങുന്നതിനും ഇത്തരം കടകൾ പ്രവർത്തിക്കുന്നതിനും അനുമതിയുണ്ട്. വീടുകളിൽ നിന്ന് ആളുകൾ പുറത്തുപോകുന്നത് ഒഴിവാക്കുന്നതിന് റസ്റ്റോറന്റുകളിൽ പാഴ്സലുകളും ഹോം ഡെലിവറിയും മാത്രം അനുവദിക്കും. ആളുകൾക്ക് അവശ്യ യാത്രകൾ ചെയ്യാം, ആവശ്യമായ രേഖ കൈയിൽ കരുതേണ്ടതാണ്. സ്വകാര്യ ടാക്സികൾ തടയില്ല. പക്ഷേ, യാത്രാരേഖകൾ കാണിക്കേണ്ടതാണ്.
ട്യൂഷൻ സെന്ററുകൾ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കില്ല. നോമ്പുകാർക്ക് പ്രാർത്ഥനയും മറ്റും നടത്തുന്നതിന് രാത്രി ഒൻപതിനു ശേഷം പ്രോട്ടോകോൾ അനുസരിച്ച് അനുമതിയുണ്ട്. ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. അത്യാവശ്യ യാത്രക്കാർ, രോഗികൾ, അവരുടെ സഹായികൾ, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നിവർ തിരിച്ചറിയൽ രേഖ കാണിക്കണം.