തിരുവല്ല : തിരുമൂലപുരത്തെ ഇരുവെള്ളിപ്രയിൽ രാത്രി കാലങ്ങളിൽ ചാത്തനേറെന്ന പരാതിയുമായി നാട്ടുകാർ. പൊലീസും നാട്ടുകാരും ഉറക്കമൊഴിഞ്ഞ് കഴിഞ്ഞ രണ്ട് ദിവസം രാത്രി തെരച്ചിൽ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയും
വ്യാഴാഴ്ചയും വീടുകൾക്ക് നേരെ ഉൾപ്പെടെ കല്ലേറുണ്ടായി. വ്യാഴാഴ്ച രാത്രി ഒമ്പതര മുതൽ പുലർച്ചെ അഞ്ചര വരെ ഇടവിട്ട് കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാൻ വ്യാഴാഴ്ച രാത്രി തിരുവല്ലയിൽ നിന്ന് എത്തിയ പൊലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു. തെരച്ചിലിനെത്തിയ സംഘത്തിലെ ഒരു പൊലീസുകാരനും നാട്ടുകാരിൽ ചിലർക്കും ഏറു കിട്ടി.
എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ, ആരാണ് എറിയുന്നതെന്നോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് തിരുവല്ല സി.ഐ പറഞ്ഞു.