പത്തനംതിട്ട: കൊവിഡിന്റെ പോളിംഗ് കുതിച്ചുയരുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ദിവസങ്ങൾ അടുത്തുവരുന്നു. ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ വിജയികളെ അറിയാം. വരുന്ന ഞായറാഴ്ചയാണ് വോട്ടെണ്ണൽ. ഇൗമാസം ആറിനായിരുന്നു തിരഞ്ഞെടുപ്പ്.
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വോട്ടെണ്ണൽ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. വിജയാഹ്ളാദ പ്രകടനങ്ങൾക്ക് നിയന്ത്രണമുണ്ടായേക്കും. രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കൂട്ടിയതെന്ന ആരോപണമുണ്ട്. നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സർവകക്ഷിയോഗത്തിൽ വിജയാഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്ന ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനും എടുത്ത സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയേക്കും.
ജില്ലയിൽ കോന്നി, ആറൻമുള, റാന്നി, തിരുവല്ല, അടൂർ എന്നിങ്ങനെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ് ജനം വിധിയെഴുതിയത്. മൂന്ന് മുന്നണികളും ജില്ലയിൽ വിജയം അവകാശപ്പെടുന്നുണ്ട്. നാല് മണ്ഡലങ്ങളിൽ വിജയം ഉറപ്പെന്നാണ് എൽ.ഡി.എഫിന്റെ അവസാന ഘട്ട വിലയിരുത്തൽ. മൂന്ന് മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നു. കോന്നിയിലാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
തിരുവല്ല : കുറ്റപ്പുഴ മാർത്തോമ റസിഡൻഷ്യൽ സ്‌കൂൾ.
റാന്നി : റാന്നി സെന്റ് തോമസ് കോളേജ്.
ആറന്മുള : പത്തനംതിട്ട കുമ്പഴ മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂൾ
( സി.ബി.എസ്.സി).
കോന്നി : പത്തനംതിട്ട മലയാലപ്പുഴ മുസലിയാർ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി.
അടൂർ :അടൂർ മണക്കാല തപോവൻ പബ്ലിക്ക് സ്‌കൂൾ.
നേതാക്കൾ പറയുന്നു, ആഹ്ളാദം വീട്ടിൽ മതി
'' കൊവിഡ് സംഖ്യ ഉയരുന്ന സാഹചര്യത്തിൽ വിജയാഹ്ളാദ പ്രകടനവും ആരവങ്ങളും വേണ്ടെന്നാണ് അഭിപ്രായം. ഇക്കാര്യത്തിൽ നാളത്തെ സർവകക്ഷി യോഗത്തിന്റെ തീരുമാനം അംഗീകരിക്കും. വിജയത്തിൽ വീടുകളിലിരുന്ന് സന്തോഷം പ്രകടിപ്പിക്കണം.
കെ. അനന്തഗോപൻ, സി.പി.എം സംസ്ഥാന സമിതിയംഗം.
'' രോഗ ശമനത്തിന് ശേഷം മതി ആഹ്ളാദം. വിജയാഘോഷം വീട്ടിൽ നടത്തണം. ആരവങ്ങളുമായി ആരും റോഡിലിറങ്ങരുത്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.
ബാബുജോർജ്, ഡി.സി.സി പ്രസിഡന്റ്.
'' വിജയാഹ്ളാദ പ്രകടനങ്ങൾ വേണ്ട. ആളുകൾ കൂടിച്ചേരാതെ ഒഴിഞ്ഞു നിൽക്കണം. സന്തോഷം പങ്കിടൽ വീട്ടിൽ വച്ച് മതി. സർവകക്ഷി തീരുമാനം അംഗീകരിക്കും.
വിജയകുമാർ മണിപ്പുഴ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി