അടൂർ : ജനറൽ ആശുപത്രിക്ക് വെന്റിലേറ്റർ സൗകര്യത്തോടെയുള്ള അത്യാധുനിക ആംബുലൻസ് ലഭിച്ചു. ട്രോമോകെയർ യൂണിറ്റിന്റെ ഭാഗമായാണ് ആംബുലൻസ് അനുവദിച്ചത്. നാൽപ്പത് ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് ആംബുലൻസ്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയ ശേഷം ഇനി സുരക്ഷിതമായി തിരുവനന്തപുരം, കോട്ടയം ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളിൽ എത്തിക്കാൻ സാധിക്കും.അടിയന്തര ഘട്ടങ്ങളിൽ ഭീമമായ തുകനൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്കും പരിഹാരമാകും. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ വിദഗ്ദ്ധചികിത്സകൾക്കായി മെഡിക്കൽ കോളേജുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ നിരവധി ജീവനുകളാണ് യാത്രാമദ്ധ്യേ പൊലിഞ്ഞിരുന്നത്. പുതിയ ആംബുലൻസ് എത്തിയതോടെ വെന്റിലേറ്റർ ഘടിപ്പിച്ച് നഴ്സുമാരുടെ പരിചരണത്തോടെ ആശുപത്രികളിലെത്തിക്കാൻ കഴിയും. ഇതോടെ അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസുകളുടെ എണ്ണം നാലായി ഉയർന്നു. നേരത്തെ ടി. എൻ. സീമ എം. പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ആംബുലൻസിന് പുറമേ രണ്ട് മാസം മുമ്പ് ചിറ്റയം ഗോപകുമാർ എം. എൽ. എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് രണ്ട് ആംബുലൻസുകൾ ലഭ്യമാക്കിയിരുന്നു.ഇതോടെ ആശുപത്രിയുടെ വളർച്ചയ്ക്ക് അനുസൃതമായി ആംബുലൻസുകളില്ലെന്ന പരാതികൾക്കും പരിഹാരമായി.അടുത്തിടെ ട്രോമോകെയർ യൂണിറ്റും നിലവിൽ വന്നിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഡോക്ടർമാരെ ലഭ്യമാക്കാത്തതിനാൽ ഇതിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വയസിൽ താഴെയുള്ള കുട്ടികളെ പരിചരിക്കുന്നതിനുള്ള പ്രത്യേക തീവ്രപരിശോധനാ വിഭാഗത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇവയുടെയെല്ലാം പ്രവർത്തനം ആരംഭിക്കുന്നതോടെ അടൂർ ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങൾ കൂടുതൽ വർദ്ധിക്കും.
---------------
ആംബുലൻസിലെ സൗകര്യങ്ങൾ
വെന്റിലേറ്ററോടുകൂടിയ ശീതീകരിച്ച ഐ. സി. യു
പരിചരണത്തിന് പരിശീലനം നേടിയ നഴ്സ്
ഒാക്സിജൻ സൗകര്യം
ഹൈട്രോളിക് സ്ട്രെക്ചർ