ksta
കെ.എസ്. ടി. എ ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. പ്രകാശ് കൊവിഡ് ബാധിച്ച കുട്ടിയെ പരീക്ഷ എഴുതിക്കാൻ സ്‌കൂളിലേക്ക് വാഹനത്തിൽ കൊണ്ടുപോകുന്നു.

പത്തനംതിട്ട: ഹയർ സെക്കൻഡറി പരീക്ഷയുടെ അവസാനദിനം, കൊവിഡ് രോഗിയായ വിദ്യാർത്ഥി പരിഭ്രാന്തിയിലാണ്. വരാമെന്ന് പറഞ്ഞ ടാക്സി എത്തിയില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല. ഒടുവിൽ കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി സഹായത്തിനെത്തി. വെണ്ണിക്കുളം സബ്ജില്ലയിലെ എൽ.പി.സ്‌കൂൾ അദ്ധ്യാപികയുടെ മകനാണ് പരീക്ഷ എഴുതാൻ വഴിയില്ലാതെ ബുദ്ധിമുട്ടിയത്.

ഇന്നലെ കർശന നിയന്ത്രണമായതിനാൽ കൊവിഡ് ബാധിച്ച കുട്ടിയെ പരീക്ഷയ്ക്ക് കൊണ്ടുപോകാൻ ആരും തയാറാവാത്തതിനെ തുടർന്നാണ് സംഭവം. തടിയൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു വിദ്യാർത്ഥിക്ക് പരീക്ഷ. കെ.എസ്.ടി.എ.വെണ്ണിക്കുളം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത മെസേജ് ശ്രദ്ധയിൽപ്പെട്ട ജില്ല ജോയിന്റ് സെക്രട്ടറി എ.കെ.പ്രകാശ് ആണ് സഹായത്തിന് എത്തിയത്.
പ്രകാശ് സ്വന്തം കാറുമായി എത്തി സഹായമൊരുക്കുകയായിരുന്നു.
പരീക്ഷ കഴിഞ്ഞ് തിരികെ കുട്ടിയെ വീട്ടിലെത്തിച്ചാണ് അദ്ദേഹം മടങ്ങിയത്. വെണ്ണിക്കുളം ബി.ആർ.സി യിലെ ബ്ലോക്ക് പ്രൊജെക്ട് കോ - ഓർഡിനേറ്ററാണ് പ്രകാശ്.