ചെങ്ങന്നൂർ: സ്പഷ്യൽ ബാലറ്റിലും പോസ്റ്റൽ വോട്ടിലും ചെങ്ങന്നൂരിൽ പക്ഷാഭേദം കാട്ടിയിട്ടുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റും ചെങ്ങന്നൂരിലെ സ്ഥാനാർഥിയുമായ എം.വി. ഗോപകുമാർ. ചെങ്ങന്നൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പക്ഷാഭേദം കാട്ടിയെന്ന് ആരോപിച്ചത്. ബി.ജെ.പി പ്രവർത്തകരായ മുന്നൂറ്റി ഇരുപതോളം പേർക്ക് ഇത്തരത്തിൽ വോട്ട് നിഷേധിച്ചിട്ടുണ്ട്. പാണ്ടനാട്ടിൽ മാത്രം ആറ് പേർക്ക് സ്‌പെഷ്യൽ ബാലറ്റ് നിഷേധിച്ചു. വീടുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ എത്താതിരുന്നതാണ് കാരണം. സ്‌പെഷ്യൽ ബാലറ്റ് ഉള്ളതിനാൽ പോളിങ്ങ് ബൂത്തിൽ പോയി സാധാരണ വോട്ട് ചെയ്യാനും ഇവർക്ക് സാധിച്ചിട്ടില്ല. സി.പി.എം നേതാക്കളുടെയും ഇടതുപക്ഷ യൂണിയന്റെയും നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്ന് ഗോപകുമാർ പറഞ്ഞു. പത്രസമ്മേളനത്തിൽ ബി.ജെ.പി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, ജനറൽ സെക്രട്ടറി രമേശ് പേരിശേരി എന്നിവർ പങ്കെടുത്തു.