പള്ളിക്കൽ : കൊവിഡ് രോഗം കനത്ത വെല്ലുവിളി ഉയർത്തുന്ന ചേന്നം പുത്തൂർ കോളനിയിൽ ഭക്ഷ്യക്ഷാമത്തിന് താൽക്കാലിക ആശ്വാസം. പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ ക്കുറുപ്പിന്റെ നേതൃത്വത്തിൽ അരിയും പല വ്യഞ്‌ജന സാധനങ്ങളും പച്ചക്കറിക്കിറ്റുകളും എത്തിച്ചു. അമ്മ ഭരണിക്കാവിലമ്മ വാട്സപ്പ് ഗ്രൂപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലും അരിയും പച്ചക്കറി കിറ്റുകളും നൽകി. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഏറെയുള്ള കോളനിയിൽ രോഗികളെ മാറ്റി താമസിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായില്ല. കഴിഞ്ഞ എട്ടു ദിവസമായി കോളനിയിൽ തന്നെ കഴിയുന്ന ഇവർക്ക് ഭക്ഷ്യസാധനങ്ങൾ തീർന്നിട്ട് മൂന്ന് ദിവസമായിരുന്നു. കോളനിയിലെ ആളുകൾ പട്ടിണിയിലേക്ക് നീങ്ങുന്ന വാർത്ത ഇന്നലെ കേരള കൗമുദി വാർത്തയാക്കിയിരുന്നു. തുടർന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പഞ്ചായത്തുമായി ബന്ധപെട്ട് അടിയന്തര സഹായം എത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. കൈകുഞ്ഞുങ്ങളടക്കം 250ൽ അധികം ആളുകൾ വലയുകയാണ്.