കോഴഞ്ചേരി: കിടങ്ങന്നൂർ ചന്തയിൽ കുറെ നാളായി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ ആറന്മുള ഗ്രാമ പഞ്ചായത്ത് നീക്കി. ചന്തയിലെ വ്യാപാരത്തിനു ശേഷം വരുന്ന പച്ചക്കറി മാലിന്യങ്ങൾക്കു പുറമേ മറ്റ് മാലിന്യങ്ങളും കൂട്ടിയിട്ട് വലിയ മാലിന്യ കൂമ്പാരമായിരുന്നു. ധാരാളം പരാതികളും ഇത് സംബന്ധിച്ച് ഉയർന്നിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജാ ടി.റ്റോജി മുൻകൈയെടുത്ത് മാലിന്യ സംസ്‌കരണത്തിനായി പ്രത്യേക പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നിരുന്നു. തുടർന്നാണ് ചന്തയുടെ പ്രവർത്തനത്തിന് തടസമായിരുന്ന മാലിന്യം നീക്കിയത്. ശുചിത്വ മിഷൻ ഫണ്ടിൽ നിർമ്മാണം പൂർത്തീകരിച്ചു കിടക്കുന്ന ജൈവ മാലിന്യ സംസ്‌കരണ ഉപാധിയായ തുമ്പൂർ മുഴി അടിയന്തരമായി പ്രവർത്തിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌കരണത്തിൽ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികൾക്ക് രൂപം നൽകി. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയൽ, കത്തിക്കൽ എന്നിവ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ പാഴ്‌വസ്തുക്കൾ ഹരിത കർമ്മേ സേനക്ക് യൂസർ ഫീ നൽകി കൈമാറേണ്ടതാണ്. സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങൾ ഇതിനായി വിളിച്ചു ചേർക്കും.