പത്തനംതിട്ട: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇയിൽ നിന്നടക്കമുള്ള വിമാന യാത്രാ നിരക്ക് ഭീമമായി വർദ്ധിപ്പിച്ച വിമാനക്കമ്പനികളുടെ നടപടി പിൻവലിപ്പിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട വ്യോമയാന വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. കൊവിഡിൽ ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ തിരികെ എത്തിയിരിക്കുകയാണ്. നാട്ടിലുള്ളവർക്ക് തിരികെ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന്നും അഞ്ചും ആറും ഇരട്ടിയായി വിമാനക്കൂലി വർദ്ധിപ്പിച്ചു. വിമാന യാത്രാ നിരക്ക് പിൻവലിപ്പിക്കുവാൻ സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.