pta
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം നടപ്പാക്കിയപ്പോൾ തിരക്കൊഴിഞ്ഞ പത്തനംതിട്ട നഗരം

പത്തനംതിട്ട : ജില്ലയിൽ തിരക്കൊഴിഞ്ഞു. ലോക്ക് ഡൗണിന് സമാനമായ സ്ഥിതിയായിരുന്നു ഇന്നലെ. വാഹനങ്ങളിൽ എവിടെ പോകുന്നുവെന്ന് രേഖപ്പെടുത്തിയാണ് ആളുകൾ യാത്ര ചെയ്തത്. തിരിച്ചറിയൽ രേഖകൾ തെളിവായി ഉണ്ടായിരുന്നു എല്ലാവരുടേയും പക്കൽ. ആളൊഴിഞ്ഞ റോഡുകളായിരുന്നു. ബസ് യാത്രക്കാരും കുറവ്, അവശ്യ സാധനങ്ങൾ വിൽക്കുന്ന കട മാത്രം തുറന്നു. പ്രധാന നഗരങ്ങളിലും പ്രദേശങ്ങളിലും പൊലീസ് പരിശോധന ഊ‌ർജിതമാക്കിയിരുന്നു. സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. ഓർഡിനറി ബസുകൾ ഭാഗികമായും ഫാസ്റ്റ് പാസഞ്ചർ അത്യാവശ്യ സർവീസുകളും നടത്തി. സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധിയായിരുന്നു. കൊവിഡ് ആയിരം കടന്നതിന് ശേഷം രണ്ട് ദിവസം അവധി ലഭിക്കുന്നതിതാദ്യമാണ്. ഹയർ സെക്കൻഡറി പരീക്ഷയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. കുട്ടികൾ സ്വകാര്യ വാഹനങ്ങളിൽ ആണ് പരീക്ഷയ്ക്കെത്തിയത്

56 കേസുകൾ

ഇന്നലെ വൈകിട്ട് നാലു വരെ രജിസ്റ്റർ ചെയ്ത 56 കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തത്തിന് 271 പേർക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തത്തിന് 70 ആളുകൾക്കെതിരെയും പെറ്റികേസ് എടുത്തതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ പൊലീസ് പരിശോധിച്ച ശേഷം സത്യപ്രസ്താവന ഇല്ലാത്തവർക്ക് നോട്ടീസ് നല്‍കി. ആശുപത്രി, വിവാഹം, മരണം, വാക്‌സിനേഷന്‍ തുടങ്ങിയ ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്കായി പോയവർക്ക് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ യാത്ര അനുവദിച്ചു.