തിരുവല്ല: സംസ്ഥാനത്താകമാനം ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് പരിശോധനകൾ ശക്തമാക്കി. തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളായ ഇടിഞ്ഞില്ലം, കുറ്റൂർ, ഇരവിപേരൂർ, പായിപ്പാട്, നെടുമ്പ്രം എ.എൻ.സി ജംഗ്ഷൻ, സൈക്കിൾമുക്ക്, പൊടിയാടി, കാവുംഭാഗം, തോട്ടഭാഗം, വള്ളംകുളം, നെല്ലാട്, എസ്.സി.എസ് ജംഗ്‌ഷൻ, തിരുമൂലപുരം, മാർക്കറ്റ് ജംഗ്‌ഷൻ, മുത്തൂർ, കുറ്റപ്പുഴ, പെരിങ്ങര, അഴിയിടത്തുചിറ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടത്തുന്നത്. യാത്രയുടെ കാരണം ചോദിച്ചറിഞ്ഞ ശേഷം മാത്രമാണ് യാത്ര തുടരാൻ അനുവദിക്കുന്നത്. വാഹനങ്ങളിലടക്കം അനാവശ്യമായി ചുറ്റിത്തിരിയുന്നവരെയും മതിയായ കാരണങ്ങളില്ലാതെ യാത്ര ചെയ്തവരെയും പൊലീസ് വീടുകളിലേക്ക് മടക്കി അയച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

-അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടി

- യാത്രയുടെ കാരണം വ്യക്തമാക്കണം