പന്തളം: വീട്ടിലേക്കുള്ള വഴിയരികിലെ മരക്കൊമ്പുകളിൽ കക്കൂസ് മാലിന്യം കവറിൽ കെട്ടിത്തൂക്കുന്നതായി പരാതി. ഉള്ളന്നൂർ സെന്റ് മേരീസ് പളളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗ്രൗണ്ടിനോട് ചേർന്നുള്ള വഴിയരികിലാണ് സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്. അഞ്ച് കുടുംബങ്ങൾക്ക് സഞ്ചരിക്കാനുള്ള ഏക വഴിയാണിത്. രാത്രി കാലങ്ങളിലാണ് കക്കൂസ് മാലിന്യം ഇവിടെ ഉപേക്ഷിക്കുന്നത്. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം കാരണം ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇവിടെയുള്ളവർക്ക് ഇതല്ലാതെ മറ്റ് വഴികളുമില്ല. മുമ്പും പല പ്രാവശ്യം ഇതുപോലെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. നിരവധി പരാതികൾ ഇത് സംബന്ധിച്ച് പൊലീസിൽ നൽകിയെങ്കിലും അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല. ആളുകൾ ഇതുവഴി സഞ്ചരിക്കാതിരിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് കക്കൂസ് മാലിന്യം വഴിയരികിൽ ഉപേക്ഷിക്കുന്നതെന്നാണ് വീട്ടുകാർ പറയുന്നത്.