ആറന്മുള: ഗുരുദേവ ക്ഷേത്രത്തിന്റെ പ്രാർഥനാ ഹാളിലേക്ക് ഇടിച്ചു കയറി നാശനഷ്ടം വരുത്തിയ ടോറസ് സ്ഥലത്ത് നിന്ന് നീക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് വല്ലന 74 -ാം എസ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ള പ്രാർത്ഥനാ കെട്ടിടത്തിലേക്ക് പാറപ്പൊടിയുമായി വന്ന ടോറസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ രണ്ടു തൂണുകൾക്കും ഷീറ്റിനും നാശനഷ്ടമുണ്ടായി. കസേരകളും നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെ രാവിലെ രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ടോറസ് വലിച്ചു നീക്കിയത്. നഷ്ടപരിഹാരം നൽകാമെന്ന് ടോറസ് ഉടമ ഉറപ്പ് നൽകിയതായി ശാഖാ പ്രസിഡൻ്റ് ഐഷാ പുരുഷോത്തമൻ , സെക്രട്ടറി സുരേഷ് മംഗലത്തിൽ എന്നിവർ അറിയിച്ചു.