
അടൂർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുമായി പോയി തിരികെ അടൂരിലേക്ക് മടങ്ങിയ ആംബുലൻസിൽ കെ. എസ്. ആർ. ടി. സി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ച് ആംബുലൻസ് ഡ്രൈവർ തൃശൂർ ആക്കിക്കാവ് തോലത്ത് ബെൻസൺ (38) മരിച്ചു. എം. സി റോഡിൽ പറന്തൽ ജംഗ്ഷന് തെക്ക് മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപം ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പറന്തലിലെ സെന്റ്മേരീസ് ആംബുലൻസ് സർവീസിന്റെ ഡ്രൈവറാണ് ബെൻസൺ. തിരുവനന്തപുരത്തുനിന്ന് ആലുവയിലേക്ക് പോയതാണ് ബസ്. കലുങ്ക് നിർമ്മാണത്തിനായി ഒരുഭാഗത്ത് കുഴിയെടുത്തിട്ടിരിക്കുന്നതിനാൽ ഇൗ ഭാഗത്ത് റോഡിന് വീതി കുറവാണ്. കെ. എസ്. ആർ. ടി. സി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ആംബുംലൻസിന്റെ മുൻഭാഗം തകർന്നു. ബെൻസനെ ഏറെനേരത്തെ ശ്രമത്തിലൂടെയാണ് പുറത്തെടുത്തത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചെങ്ങന്നൂർ കൊഴുവല്ലൂരിൽ വാടകവീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. .മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.