തിരുവല്ല: കൊവിഡ് വ്യാപനം അതീവ ഗുരുതരമായ രീതിയിൽ തുടരുകയും പരിശോധന സ്ഥിരികരണ നിരക്ക് 20 ശതമാനത്തിൽ കൂടുതൽ ഉയരുകയും ചെയ്ത സാഹചര്യത്തിൽ എസ്.എസ്.എൽ.സി.ഐ.ടിപരീക്ഷ നടത്താതിരിക്കുവാൻ ഉത്തരവുണ്ടാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് പരാതി നൽകി. ഈ അദ്ധ്യയന വർഷം കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ശരിയായി നടത്തുവാൻ സ്‌കൂളുകൾക്ക് സാധിച്ചിട്ടില്ല. പല സ്‌കൂളുകളിലും 50 ശതമാനം കുട്ടികൾക്ക് പോലും ഈ വർഷം കമ്പ്യൂട്ടർ കൈകൊണ്ട് തൊടുവാൻ കഴിഞ്ഞിട്ടില്ല. അവരെ കൊണ്ട് ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ചെയ്യിക്കുന്നത് തികഞ്ഞ അനീതിയാണ്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ തുടങ്ങിയ ശേഷം കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾ ഉണ്ട്. ഇപ്പോൾ സമയം 30 മിനിറ്റ് ആക്കിയതിനാൽ ഒരു കമ്പ്യൂട്ടർ ഒരു ദിവസം 10 കുട്ടികൾ വരെ ഉപയോഗിക്കാം. ഒരു സമയം 10-15 കുട്ടികൾ ഒരു മുറിയിൽ ഉണ്ടാകാം. മതിയായ സാനിറ്റൈസേഷൻ ഉറപ്പു വരുത്തുക പ്രയാസമാണ്. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകും. ഐ.ടി പരീക്ഷയുടെ മാർക്ക് മറ്റ് ക്ലാസുകളിലേയ്ക്കുള്ള പ്രവേശനങ്ങളെ ബാധിക്കുന്നില്ല. ഇക്കാരണങ്ങളാൽ ഐ.ടി.പരീക്ഷ മാറ്റിവെക്കണമെന്നും ചെയർമാൻ അഡ്വ.പ്രകാശ് പി.തോമസ് ആവശ്യപ്പെട്ടു.