മല്ലപ്പള്ളി: വളർത്തു നായയ്ക്ക് ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് ഭാര്യയുടെ ശരീരത്ത് തിളച്ച വെള്ളമൊഴിച്ച ഭർത്താവ് അറസ്റ്റിൽ. മല്ലപ്പപ്പള്ളി കല്ലൂപ്പാറ സ്വദേശി ദിലീപ് ജോണിനെയാണ് ഭാര്യ സുമയുടെ പരാതിയെ തുടർന്ന് കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. നായയ്ക്ക് ഭക്ഷണം നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ കലഹിക്കുകയും പിന്നീട് അടുക്കളയിൽ എത്തി ചോറ് വെയ്ക്കാൻ വച്ച കലത്തിലെ തിളച്ച വെള്ളം ഭാര്യയുടെ ദേഹത്ത് ഒഴിയ്ക്കുകയുമായിരുന്നു. കലം കൊണ്ടുള്ള ഏറുകൊണ്ട് സുമയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കഴുത്തിനും കൈയ്ക്കും സാരമായി പൊള്ളലേറ്റ സുമയെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാർ ജീവനക്കാരനായ ദിലീപിനെ പൊലീസ് കോടതിയിൽ ഹാജരാക്കി.