തിരുവല്ല: നഗരസഭാ പ്രദേശങ്ങളിൽ നിലം നികത്തൽ വ്യാപകമാകുന്നു. കൊവിഡും തിരഞ്ഞെടുപ്പും കാരണം റവന്യു, പൊലീസ് ഉദ്യോഗസ്ഥർ തിരക്കിലായതോടെയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള നിലങ്ങൾ നികത്തിയെടുക്കാൻ ശ്രമം തുടങ്ങിയത്. താലൂക്കിലെ മറ്റു പ്രദേശങ്ങൾ കണക്കിലെടുക്കുമ്പോൾ നഗരസഭാ പ്രദേശത്ത് പാടശേഖരങ്ങൾ വളരെ കുറവാണ്. മൂന്ന് പാടശേഖരങ്ങളാണ് ആകെയുള്ളത്. ഇതും നികത്തിയെടുക്കാനാണ് ഭൂമാഫിയയുടെ നീക്കം. എം.സി റോഡിന്റെ സമീപത്തെ മഴുവങ്ങാട് പുഞ്ചയിൽ റോഡിനും മുല്ലേലി തോടിനും ഇടയിലുള്ള സ്ഥലത്ത് രണ്ടാഴ്ച മുമ്പ് പത്ത് ലോഡ് മണ്ണ് ഇറക്കി. ശ്രദ്ധയിൽപ്പെട്ട വില്ലേജ് ഓഫീസർ നിരോധന ഉത്തരവ് നൽകിയതോടെ ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. ഇവിടെ സ്വകാര്യ വ്യക്തി ഒരു ഹെക്ടർ‌ പാടമാണ് വാങ്ങിയിരിക്കുന്നത്. നാലുവർഷം മുൻപ് വാങ്ങിയ നിലത്തിൽ ഇതുവരെ യാതൊരു കൃഷിയും ചെയ്തിട്ടില്ല. ആദ്യം പാറയാണ് ഇറക്കിയത്. അന്നു വില്ലേജ് അധികൃതർ തടസപ്പെടുത്തിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് ദിവസത്തിനു മുൻപാണ് മണ്ണിറക്കിയത്. ഉടമ ഈ ജില്ലക്കാരനല്ലാത്തതിനാൽ സ്ഥലത്ത് നിരോധന ഉത്തരവ് പതിപ്പിച്ചാണ് നടപടിയെടുത്തത്. അടുത്തകാലത്ത് നെൽക്കൃഷി സജീവമായ കവിയൂർ പുഞ്ചയുടെ ഭാഗങ്ങളിലും കൈയേറ്റവും നികത്തലും നടക്കുന്നതായി പരാതി ഉയർന്നു. കണ്ണോത്തുകടവിനു സമീപം പുരയിടം വാങ്ങിയ സ്വകാര്യ വ്യക്തി പാടത്തിന്റെ ഭാഗവും കൂടി ചേർത്ത് സംരക്ഷണ ഭിത്തി കെട്ടി നികത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് പാടശേഖര സമിതി ഭാരവാഹികൾ വില്ലേജ് ഓഫീസർക്കു പരാതി നൽകിയിട്ടുണ്ട്.

കുറ്റപ്പുഴ തോട്ടിലും കൈയേറ്റമെന്ന്


നെൽക്കൃഷിയുള്ള കവിയൂർ പുഞ്ചയിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്ന കുറ്റപ്പുഴ തോട്ടിലിറക്കി സ്വകാര്യ വ്യക്തി നടത്തുന്ന നിർമ്മാണത്തിനെതിരെ പാടശേഖരസമിതി രംഗത്തെത്തി. ഇവിടെ തോടിന് കുറുകെ പാലം നിർമ്മിച്ചതിനു സമീപം തോട്ടിലേക്ക് ഇറക്കി കല്ലുകെട്ടി കോൺക്രീറ്റ് ചെയ്‌ത് മതിൽ നിർമ്മാണം തുടരുകയാണ്. 350 ഏക്കറിലായി ഇരുന്നൂറിലധികം കർഷകർ കൃഷി ചെയ്യുന്ന പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്ന തോടാണിത്. ഇതുസംബന്ധിച്ച് തോടിന്റെ സർവേ നടത്തി കൈയേറ്റങ്ങൾ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാണ്.