ചെങ്ങന്നൂർ: കൊവിഡ് രോഗി ചികിത്സകിട്ടാതെ മരിച്ച സംഭവം കേരളത്തിലെ കൊവിഡ് ചികിത്സാരംഗത്തെ ഗുരുതര പിഴവാണ് സൂചിപ്പിക്കുന്നതെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആവശ്യപ്പെട്ടു. ചികിത്സകിട്ടാതെ ഒൻപതുമണിക്കൂർ കാത്തുകിടക്കേണ്ട അവസ്ഥ എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കണം. ഗുരുതരാവസ്ഥയിലായ രോഗിയെ എന്തുകൊണ്ട് മെഡിക്കൽ കോളേജിൽ എത്തിച്ചില്ലന്നതും ഗൗരവ വിഷയമാണ്. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം മഹാമാരിയുടെ വ്യാപന കാലത്ത് നിറുത്തിയത് നിരുത്തരവാദപരമാണെന്നും ഗോപകുമാർ പറഞ്ഞു.