മല്ലപ്പള്ളി: കൊവിഡ് അതിതീവ്ര മേഖലയായ മല്ലപ്പള്ളി താലൂക്കിലെ മൂന്നു പഞ്ചായത്തുകളിൽ നിരോധനാജ്ഞ നിലവിൽ വന്നു. മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം പഞ്ചായത്തുകളാണ് കർശന നിയമം നടപ്പിലാക്കിയത്. ലോക്ഡൗണിന് സമാനമായ നടപടികൾ സ്വീകരിച്ച ശനി, ഞായർ ദിവസങ്ങളിൽ പൊതുവെ ജനങ്ങൾ നിയമങ്ങൾ പാലിച്ചെങ്കിലും സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി തെരുവിലിറങ്ങിയ 10 പേർക്കെതിരെ കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്തു. ജില്ലാ അതിർത്തികളിലും ടൗണിലും ഉൾപ്പെടെ പൊലീസിന്റെ സജീവ സാന്നിദ്ധ്യമുണ്ട്. കൊവീഡ് മരണങ്ങളും അനുദിനം വർദ്ധിക്കുകയാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ മല്ലപ്പള്ളി സ്വദേശിയായ ഗൃഹനാഥ ഇന്നലെ പുലർച്ചെ മരിച്ചു. കുന്നന്താനം പഞ്ചായത്തിലെ മുക്കൂർ, പാലയ്ക്കത്തകിടി, പുളിന്താനം എന്നിവിടങ്ങളിലാണ് ഇപ്പോൾ കൂടുതൽ രോഗികൾ ഉള്ളത്. ഇതിനിടെ സി.എഫ്.എൽ.ടി.സികളിലെല്ലാം ആളുകളുടെ എണ്ണം പരമാവധിയാണ്. മല്ലപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന സി.എഫ്.എൽ.ടി.സി. കീഴ്വായ്പ്പൂര് വൊക്കേഷണൽ സ്‌കൂൾ ആയതിനാൽ നേരത്തേ നിറുത്തിയിരുന്നു.