അടൂർ : പ്രസവസംബന്ധമാണോ... അടൂർ ജനറൽ ആശുപത്രിയിലേക്ക് പോന്നോളൂ. ഇനി ആശുപ്രതിയിൽ എ. സി അന്തരീക്ഷത്തിൽ ചികിത്സയിൽ കഴിയാം. ചികിത്സ കഴിഞ്ഞാലും ആശുപത്രി ചെലവിൽ അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചുതരും. അത്രകണ്ട് മാതൃ - ശിശു സൗഹൃദമായി മാറുകയാണ് അടൂർ ജനറൽ ആശുപത്രി. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച 57 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ യൂണിറ്റ് നവീകരണം. നിലവിൽ ആശുപത്രി ലേബർ യൂണിറ്റും ഒാപ്പറേഷൻ തീയറ്ററും ഉള്ള രണ്ടാം നിലയിലാണ് അത്യാധുനിക സംവിധാനമുള്ള പ്രസവ യൂണിറ്റ് നിർമ്മാണത്തിന് തുടക്കം കുറിക്കുക.പണം അനുവദിച്ചതോടെ ഇതിനുള്ള രൂപ രേഖ തയ്യാറായി സമർപ്പിച്ചു കഴിഞ്ഞു. ശീതീകരണ സംവിധാനമുള്ള നാല് മുറികൾ ഇതിനുള്ളിലുണ്ടാകും. പ്രസവസംബന്ധമായി എത്തുന്നവരെ നീരീഷണത്തിലാക്കുന്നതിനും പ്രസവവേദന അനുഭവപ്പെടുവന്നർക്കും പ്രസവം കഴിഞ്ഞ അമ്മയേയും കുഞ്ഞിനേയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഉൾപ്പെടെ നാലു ഘട്ടങ്ങളായുള്ള പരിശോധന സംവിധാനം വും ഉണ്ടാകും. യാതൊരുവിധ ചെലവുമില്ലാതെ എ. സി. സംവിധാനത്തോടെയുള്ള മുറികൾ ലഭിക്കും. ആദ്യഘട്ടമായി ആറ് മുറികളാണ് രണ്ടാം നിലയിൽ സജ്ജീകരിക്കുക. ഇതിനുള്ളിൽത്തന്നെ ഐ. സി. യു സംവിധാനവുമുണ്ട്. നാല് ഘട്ടമായുള്ള പരിചരണമാണ് ഇവിടെ ലഭിക്കുന്നത്. പ്രസവവേദനയുമായി എത്തുന്നവരേയും പ്രസവം കഴിഞ്ഞ അമ്മയേയും കുഞ്ഞിനേയും പാർപ്പിക്കുന്നതിനുമായി പ്രത്യേക മുറി, ഒാപ്പറേഷൻ തീയറ്റർ, ഐ. സി. യു എന്നിവ ഇൗ ഫ്ളോറിൽ തന്നെ സജ്ജമാക്കും. ഇതിനൊപ്പം 2 ലക്ഷം രൂപ ചെലവഴിച്ച് നവജാത ശിശുക്കളെ സംരക്ഷിക്കുന്നതിനായി ന്യൂ ബേബി ഐ. സി. യു സംവിധാനവും നിലവിൽ വരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. മാസം തികയുന്നതിന് മുൻപ് പ്രസവിക്കുന്ന കുട്ടികളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന സംവിധാനങ്ങൾ ഇവിടെ ഉണ്ടാകും. നിലവിൽ ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായി സ്വകാര്യ ആശുപത്രികളേയോ, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളേയോ ആശ്രയിക്കണമായിരുന്നു..