തിരുവല്ല: തിരുമൂലപുരത്തെ ഇരുവെള്ളിപ്രയിൽ രാത്രികാലങ്ങളിൽ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പെൺകുട്ടികൾ പിടിയിലായി. നാലുദിവസം രാത്രിയിൽ കല്ലേറ് നടത്തിയത് പ്രദേശവാസികളും പ്രായപൂർത്തിയാകാത്തതുമായ സഹോദരിമാരായ രണ്ട് പെൺകുട്ടികളാണ് കഴിഞ്ഞരാത്രിയിൽ നാട്ടുകാരുടെ ശ്രമഫലമായാണ് ഇവരുടെ കുസൃതി കണ്ടുപിടിച്ചത്. നഗരസഭയിലെ 17 -) വാർഡിൽ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്ലേറ് ഉണ്ടായത്. പൊലീസ് ഉൾപ്പെടെ മുപ്പതോളം വരുന്ന നാട്ടുകാർ ഉറക്കമൊഴിഞ്ഞ് രണ്ട് ദിവസം രാത്രി തിരച്ചിൽ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും വീടുകൾക്ക് നേരെ ഉൾപ്പെടെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാൻ വ്യാഴാഴ്ച രാത്രി തിരുവല്ലയിൽ നിന്നെത്തിയ പൊലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു. തിരച്ചിലിനെത്തിയ സംഘത്തിലെ ഒരു പൊലീസുകാരനും നാട്ടുകാരിൽ ചിലർക്കും ഏറുകിട്ടിയിരുന്നു. എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ, ആരാണ് എറിയുന്നതെന്നോ അന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞരാത്രിയും സംഭവം ആവർത്തിച്ചപ്പോൾ വാർഡ് കൗൺസിലർ ഷീജയുടെ നേതൃത്വത്തിൽ സംശയത്തെത്തുടർന്ന് പെൺകുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു. വീണ്ടും കല്ലെറിയാൻ വീടിന് പുറത്തിറങ്ങിയ പെൺകുട്ടികളെ ഒളിച്ചിരുന്നവർ ചേർന്ന് പിടികൂടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൗൺസലിംഗിന് വിധേയമാകുമെന്ന് തിരുവല്ല സി.ഐ.പറഞ്ഞു.