പത്തനംതിട്ട: പതിമൂന്ന് ജില്ലകളിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പത്തനംതിട്ട ഭീതിയിലാണ്. അതിവേഗം വ്യാപിക്കുന്ന ഈ വൈറസ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സമീപ ജില്ലകളിൽ എല്ലാം അതിതീവ്ര വൈറസ് ഉള്ളതിനാൽ എത്രനാൾ പത്തനംതിട്ടയ്ക്ക് പിടിച്ചുനിൽക്കാനാകുമെന്ന കാര്യത്തിൽ ആശങ്കയേറെയാണ്. പ്രതിദിന കണക്കുകളിൽ ആയിരത്തിലധികം കേസുകൾ ജില്ലയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏപ്രിൽ ആദ്യം തന്നെ ജില്ലയിലും വൈറസ് വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് സംശയം ബലപ്പെടുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണങ്ങളും ഒരിടത്തും ഉണ്ടായിരുന്നില്ല.
വടക്കൻ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ധാരാളം ആളുകൾ ഈ സമയങ്ങളിൽ ജില്ലയിൽ വന്നു പോയി. ജനിതകമാറ്റം വന്ന വൈറസ് വടക്കൻ ജില്ലകളിൽ അതിവേഗം പടർന്നു പിടിക്കുകയാണ്. വരും ദിവസങ്ങൾ നിർണായകമെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ജില്ലയിലുള്ളവർ ആശങ്കയിലാണ് . ഉത്തരേന്ത്യയിലെ സ്ഥിതി സംസ്ഥാനത്തും വന്നു കൂടായ്കയില്ല എന്ന അവസ്ഥയാണിപ്പോൾ.
മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്
ജില്ലയിൽ കൊവിഡിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് നടത്തി വരുന്നുണ്ട്. 1000ന് മുകളിലാണിപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം. കൊവിഡ് രോഗികളെ താമസിപ്പിക്കാൻ പഞ്ചായത്തുകളിൽ സി.എഫ്.എൽ.ടി.സികൾ ക്രമീകരിച്ചു തുടങ്ങി . കൂടുതൽ കിടക്കകൾ ഒരുക്കാൻ കളക്ടർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ രോഗ വ്യാപനം കൂടുതൽ സ്ഥലങ്ങളിലേക്കായതോടെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും വർദ്ധിച്ചു. ഒരു വീട്ടിൽ തന്നെ കുടുംബാംഗങ്ങൾക്ക് മുഴുവൻ കൊവിഡ് പിടിപ്പെടുന്നുണ്ട്. മരണസംഖ്യയും ഉയരാൻ തുടങ്ങി.
യു.കെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്നവരിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് പരിശോധിക്കാൻ നിർദേശം ഉണ്ടായിരുന്നു. എന്നാൽ അവരിൽ വൈറസ് കണ്ടെത്താനായില്ല. ജില്ലയിൽ ഇതുവരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് പരിശോധന നടത്തിയിട്ടില്ല. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരിലാണ് രൂപമാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
"മുംബയ് , പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്ക് ജനിതക മാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ജില്ലയിൽ ഇതുവരെ ഈ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെയുള്ള എല്ലാ പരിശോധനകളിലും വൈറസ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. "
ഡോ. എ.എൽ ഷീജ
ഡി.എം.ഒ