election

2016ന്റെ തനിയാവർത്തനമായി ഇടത്, വലത് പോരാട്ടം. ന്യൂനപക്ഷക്കാരനായ പുതുമുഖത്തെ അവതരിപ്പിച്ച് എൻ.ഡി.എ. ആറൻമുളയുടെ പൊതുചിത്രം ഇതായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ നേതൃപരമായ പ്രവർത്തനം എടുത്തുകാട്ടിയായിരുന്നു നിലവിലെ എം.എൽ.എ വീണാജാേർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം എൽ.ഡി.എഫ് നടത്തിയത്. കൈവിട്ട മണ്ഡലം തിരിച്ചുപിട‌ിക്കാൻ മുതിർന്ന നേതാവ് മുൻ എം.എൽ.എ കെ.ശിവദാസൻനായരെ തന്നെ യു.ഡി.എഫ് മത്സരിപ്പിച്ചു. നിർണായക സ്വാധീനമുള്ള ആറൻമുളയിൽ ഒാർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ബിജു മാത്യുവിനെയാണ് എൻ.ഡി.എ പരീക്ഷിച്ചത്. പ്രചാരണം അവസാനിച്ചപ്പോൾ മണ്ഡലം ഇടത്തോട്ടോ വലത്തോട്ടോ എന്ന പിരിമുറുക്കം. മണ്ഡലം നിലനിറുത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇട‌തുനിര. തിരിച്ചെടുക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. വിജയപ്രതീക്ഷയിലാണെന്ന് എൻ.ഡി.എ. എന്നാൽ, ഭൂരിപക്ഷത്തിന് വലിയ കണക്കൊന്നും ആരും നിരത്തുന്നില്ല. ഏറിയാൽ ഏഴായിരം എന്നാണ് എൽ.ഡി.എഫ് പറയുന്നത്. അത്രതന്നെ യു.ഡി.എഫും കണക്ക് കൂട്ടുന്നു. എത്ര കുറഞ്ഞ ഭൂരിപക്ഷത്തിൽ തങ്ങൾ വിജയിച്ചാലും അട്ടിമറി തന്നെയെന്ന് എൻ.ഡി.എ.

പ്രധാന സ്ഥാനാർത്ഥികൾ

വീണാജോർജ് (എൽ.ഡി.എഫ്)

കെ.ശിവദാസൻ നായർ (യു.ഡി.എഫ്)

ബിജുമാത്യു (എൻ.ഡി.എ)

വോട്ടു ചരിത്രം

2016
വീണാജോർജ് (സി.പി.എം) : 64523
കെ. ശിവദാസൻനായർ (കോൺഗ്രസ്) : 56877
എം.ടി. രമേശ് (ബി.ജെ.പി) : 37906

ഭൂരിപക്ഷം : 7646

2019 ലോക്‌സഭ
ആന്റോ ആന്റണി (കോൺഗ്രസ്) : 59277
വീണാ ജോർജ് (സി.പി.എം) : 52684
കെ.സുരേന്ദ്രൻ (ബി.ജെ.പി) : 50487

2020 തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടുനില
യു.ഡി.എഫ് : 54486
എൽ.ഡി.എഫ് : 53621
എൻ.ഡി.എ : 28361