ചെങ്ങന്നൂർ: ആലാ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ യു.ഡി.എഫ് അംഗങ്ങൾ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.മുരളീധരൻ പിള്ള പറഞ്ഞു. പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ആവശ്യമായ കുടിവെള്ളം എത്തിക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളിൽ ഉൾപ്പെടുന്ന ഉമ്മാത്ത്, മലമോടി, കിണറുവിള, വേടൂരേത്ത്, തേവരക്കോട് ഭാഗങ്ങളിലുണ്ടാകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആഴ്ചയിൽ രണ്ടുതവണ വീതം ടാങ്കറുകളിൽ വെള്ളം എത്തിക്കുണ്ട്. കുടിവെള്ളം ആവശ്യമായ സ്ഥലങ്ങളിൽ എല്ലാം കൃത്യമായി വിതരണം നടന്നുകൊണ്ടിരിക്കുമ്പോളാണ് ഇത്തരം ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പഞ്ചായ ഭരണം നഷ്ടമായതിന്റെ ജാള്യത മറയ്ക്കുന്നതിനാണ് ഇത്തരം വ്യാജപ്രചാരണം അഴിച്ചുവിടുന്നതെന്ന് കെ.ആർ.മുരളീധരൻ പിള്ള പറഞ്ഞു.