പത്തനംതിട്ട: സഹപാഠിയുമായി പ്രണയത്തിലായിരുന്ന മകളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി ഏഴോടെയാണ് റാന്നി പെരുനാട് പുതുക്കട ചെമ്പാലൂർ ചരിവുകാലായിൽ അനൂപിന്റെ മകൾ അക്ഷയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാറശാലയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു. ചില മൊബൈൽ സന്ദേശങ്ങൾ അക്ഷയയ്ക്ക് ലഭിച്ചിരുന്നതായും ഇത് മരണത്തിന് കാരണമായതായും അന്നുതന്നെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്താൻ പൊലീസ് തീരുമാനിച്ചെങ്കിലും പത്തനംതിട്ട ജനറൽ ആശുപത്രിയിൽത്തന്നെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. ഇതിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ സംശയിക്കുന്നു. പെരുനാട് പൊലിസ് സ്‌റ്റേഷനിൽ 18ന് പരാതി നൽകി. അക്ഷയയുമായി പ്രണയത്തിലായിരുന്ന സഹപാഠിയെക്കുറിച്ച് പരാതിയിൽ പറഞ്ഞിരുന്നു. പഠനത്തിലും കലാരംഗത്തും മികവ് പുലർത്തിയിരുന്ന മകൾ ബ്ലാക്ക് മെയിലിങ്ങിന് വിധേയമായെന്ന് സംശയിക്കുന്നതായും പരാതിയിൽ സൂചിപ്പിച്ചിരുന്നു. പക്ഷേ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് ജി. അനൂപ്, മാതാവ് ആശ ടി. ഉത്തമൻ, അക്ഷൻ കൗൺസിൽ ഭാരവാഹി ബിജു മോടിയിൽ എന്നിവർ പറഞ്ഞു.