ആറന്മുള: കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിനേഷനും പരിശോധനകൾക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കി. പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ജില്ലാ കളക്ടർ ഇന്നലെ മുതൽ മേയ് 4 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 22.07 ലക്ഷം രൂപയുടെ പദ്ധതി പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ ഇവിടെ ആരംഭിച്ചു. കൊവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പിനും ആർ.ടി.പി.സി.ആർ പരിശോധനക്കും പുതിയ സൗകര്യങ്ങളും തുടങ്ങി. ഇതിനായി ആശുപത്രിയിൽ രണ്ട് മാസം മുമ്പ് തുറന്നു നൽകിയ പുതിയ കെട്ടിടം ഉപയോഗിക്കും. ഇവിടെ രോഗികൾക്കും മറ്റും വിശ്രമിക്കാനുള്ള സൗകര്യങ്ങളും ക്രമീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങാനും സെക്കൻഡറി പാലിയേറ്റിവ് കെയറിനും മരുന്നുകൾ വാങ്ങാനും പാരാമെഡിക്കൽ ജീവനക്കാർക്ക് വേതനം നൽകുന്നതിനുമായി 22 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് നേരത്തെ അനുവദിച്ചിരുന്നു. കൊ വിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ നടപടി സ്വീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ അനിൽ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്.അനീഷ് മോൻ എന്നിവർ പറഞ്ഞു.